ആരു പൂട്ടും ബിഗ് 3 യെ? വിംബിൾഡനു നാളെ തുടക്കം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ടെന്നീസിലെ എക്കാലത്തേയും വലിയ ആവേശമായ വിംബിൾഡനു നാളെ ആൾ ഇംഗ്ലണ്ട് ക്ലബിൽ തുടക്കമാവും. ഈ 2019 ലും പ്രധാനചോദ്യം 30 കഴിഞ്ഞ ഫെഡറർ, നദാൽ, ദ്യോക്കോവിച്ച് ത്രയത്തിനു ആരു ഭീഷണി ഉയർത്തും എന്നത് തന്നെയാണ്. ലോക ഒന്നാം നമ്പറും നിലവിലെ വിംബിൾഡൺ ജേതാവുമായ സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ച് തന്നെയാണ് ഒന്നാം സീഡ്. 8 തവണ വിംബിൾഡൺ സ്വന്തമാക്കിയ പുൽ കോർട്ടിലെ രാജാവ് സ്വിസ്സ് താരം റോജർ ഫെഡറർ രണ്ടാം സീഡും, 12 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവായ കളിമൺ കോർട്ടിലെ രാജാവ് സ്‌പെയിൻ താരം റാഫേൽ നദാൽ മൂന്നാം സീഡുമാണ്. അവസാനം നടന്ന 10 ഗ്രാന്റ് സ്‌ലാമുകളും പരസ്പരം പങ്കിട്ട ഇവർ കഴിഞ്ഞ 16 വിംബിൾഡനുകളിൽ 14 എണ്ണത്തിലും ജേതാക്കളായി. മറ്റു രണ്ട് തവണ വിംബിൾഡനിൽ മുത്തമിട്ട ബ്രിട്ടീഷ് താരം ആന്റി മുറെ ഇത്തവണ കളത്തിലുമില്ല എന്നത് ഈ ഇതിഹാസതാരങ്ങൾക്കു എതിരാളികൾ ഇല്ല എന്നതിന്റെ സൂചന കൂടിയാണ്. യുവ തലമുറയിൽ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച ഡൊമിനിക് തീം, പ്രതിഭാധരരായ ഗ്രീസിന്റെ സ്റ്റെഫനോസ് സ്റ്റിസിപാസ്, ജർമ്മനിയുടെ അലക്‌സാണ്ടർ സെവർവ്വ് എന്നിവരാണ്‌ ഇവർക്ക് ഇത്തതിരിയെങ്കിലും ഭീക്ഷണി ഉയർത്തുക. കൂടാതെ വളർന്നു വരുന്ന ഫെലിക്‌സ് ആഗർഅലിസ്സമെയും ശ്രദ്ധിക്കേണ്ട താരമാണ്. കൂടാതെ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സ്റ്റാൻ വാവറിങ്ക, 2017 ലെ വിംബിൾഡൺ ഫൈനൽ കളിച്ച മാരിൻ സിലിച്ച് എന്നിവരും ഒരു കൈ നോക്കാനാവും വിംബിൾഡനിൽ ഇറങ്ങുക.

ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചിനു തന്നെയാണ് വിംബിൾഡൺ ജയിക്കാൻ സാധ്യതകൾ ഏറെ. 4 പ്രാവശ്യം വിംബിൾഡൺ ജേതാവായ നൊവാക്കിന്റെ 26 പ്രാവശ്യത്തെ ഗ്രാന്റ് സ്‌ലാമുകളിലെ തുടർജയത്തിനു ഫ്രഞ്ച്‌ ഓപ്പൺ സെമിയിൽ ഡൊമനിക് തീം അന്ത്യം കുറിച്ചെങ്കിലും സമീപകാലത്തെ മാരക ഫോം കണക്കിലെടുത്താൽ റോബോർട്ടിനെ തോല്പിക്കുക എളുപ്പമല്ല ആർക്കും. ജർമ്മനിയുടെ ഫിലിപ്പ് കൊഹ്‌ൽഷെറയ്ബറാണ് ആദ്യറൗണ്ടിൽ നൊവാക്കിന്റെ എതിരാളി. ക്വാട്ടറിൽ സ്റ്റിസിപാസിനെ ലഭിച്ചേക്കും എന്നത് മാത്രമാണ് സെമി വരെ നൊവാക് നേരിടാവുന്ന വലിയ കടമ്പ. അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കിൽ നൊവാക് ദ്യോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ ഉണ്ടാവും എന്നത് ഉറപ്പാണ്. സെമിയിൽ അലക്‌സാണ്ടർ സെവർവ്വ്,സ്റ്റാൻ വാവറിങ്ക,മിലോസ് റയോണിക്, കെവിൻ ആന്റേഴ്‌സൻ എന്നിവരിൽ ഒരാളാവും നൊവാക്കിന്റെ എതിരാളി.

മൂന്നാം സീഡ് റാഫ നദാലിന് അത്ര ആശ്വാസകരമായ മത്സരക്രമമല്ല ലഭിച്ചത് എന്നതാണ് വാസ്തവം. താൻ വിംബിൾഡൺ സീഡിങ് രീതിയിൽ ഒട്ടും സന്തുഷ്ടനല്ലെന്നു നദാൽ തുറന്നു പറയുകയും ചെയ്തു. മുമ്പ് രണ്ടു തവണ പുൽ കോർട്ട് കീഴടക്കിയ കളിമണ്ണിലെ രാജാവിന് ആദ്യ റൗണ്ടിലെ എതിരാളി ജപ്പാന്റെ യുച്ചി സുഗിറ്റായാണ്. എന്നാൽ രണ്ടാം റൗണ്ടിൽ മിക്കവാറും പ്രവചനങ്ങൾക്കു എന്നും അതീതനായ ഓസ്‌ട്രേലിയൻ താരം നിക്ക് ക്രഗിയോസ് ആവും നദാലിന്റെ എതിരാളി. 2014 വിംബിൾഡനിൽ നദാലെ തോൽപ്പിച്ച ചരിത്രമുണ്ട് ഈ കുഴപ്പക്കാരനു. കൂടാതെ ക്വാർട്ടർ ഫൈനലിൽ മിക്കവാറും ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ ലഭിച്ചച്ചേക്കും എന്നത് നദാലിന്റെ പ്രതീക്ഷകൾക്കു ചെറിയ മങ്ങൽ ഏല്പിക്കുന്നുണ്ട്. ഈ വർഷം അത്ര ഫോമിലല്ലെങ്കിലും സിലിച്ച് പുൽ കോർട്ടിൽ അപകടകാരിയാണ്. എന്നാൽ 2017 ൽ പരിക്കേറ്റു പിന്മാറേണ്ടി വന്ന വിംബിൾഡൺ സെമി തോൽവിക്കു പകരം വീട്ടാനാവും നാദാലിന്റെ ശ്രമം. സെമിയിൽ എത്തുകയാണെങ്കിൽ വീണ്ടുമൊരു ഫെഡറർ – നദാൽ സ്വപ്നഫൈനലിന് കളം ഒരുങ്ങിയേക്കും.

നദാലിനെക്കാൾ വ്യത്യസ്ഥമായി കുറച്ചു കൂടി എളുപ്പമാണ് രണ്ടാം സീഡ് റോജർ ഫെഡററിന് കാര്യങ്ങൾ. വിംബിൾഡനിലെ, ലോകത്തിലെ എക്കാലത്തെയും മഹാനായ ടെന്നീസ് താരത്തിന് ആദ്യ റൗണ്ടിൽ ദക്ഷിണാഫ്രിക്കയുടെ 87 റാങ്കുകാരൻ ലോയിഡ് ഹാരിസാണ് എതിരാളി. സെമി വരെ ക്വാട്ടറിൽ ജപ്പാന്റെ കെയ്‌ നിഷികോരിയാവും ഫെഡററിന് അൽപ്പമെങ്കിലും ഭീഷണി ഉയർത്താവുന്ന താരം. കഴിഞ്ഞ വർഷം കെവിൻ ആന്റേഴ്‌സനെതിരെ രണ്ട് സെറ്റ് നേടിയ ശേഷം മത്സരം കൈവിട്ടത് ഫെഡററുടെ മനസ്സിൽ കാണും എന്നതിനാൽ സൂക്ഷിച്ചു തന്നെയാവും ഫെഡറർ കളിക്കുക. തന്റെ 9 മത്തെ വിംബിൾഡൺ ലക്ഷ്യമിടുന്ന ഫെഡറർക്ക് അത് സാധിക്കുമെന്നാണ് ആരാധരുടെ പ്രതീക്ഷ.

നൊവാക് നിലനിർത്തുമോ, ഇല്ല ഫെഡറർ വീണ്ടെടുക്കുമോ, അല്ല നദാൽ ഉയിർത്തെണീക്കുമോ ഇനി അതുമല്ല പുതിയൊരു ജേതാവ് പിറവി എടുക്കുമോ ചോദ്യങ്ങൾ ഇങ്ങനെ പലതാണ്. കൂടുതൽ പേരും ഓൾ ഇംഗ്ലണ്ട് ക്ലബിൽ മറ്റൊരു ഫെഡറർ – ദ്യോക്കോവിച്ച് ഫൈനൽ പ്രവചിക്കുമ്പോൾ അവിസ്മരണീയമായ ഒട്ടനവധി നിമിഷങ്ങളാവും ഈ വിംബിൾഡനും സമ്മാനിക്കുക എന്നുറപ്പാണ്. ജൂലൈ 14 നു ജേതാവിനെ അറിയും വരെ അട്ടിമറികൾക്കും ആഹ്ലാദങ്ങൾക്കും ചിരികൾക്കും കണ്ണീരുകൾക്കും വിംബിൾഡനിന്റെ പുൽമൈതാനം സാക്ഷ്യം വഹിക്കും എന്നുറപ്പാണ്.