വിംബിൾഡൺ ഒന്നാം റൗണ്ട് എന്ന പോലെ രണ്ടാം റൗണ്ടിലും അട്ടിമറികൾ തുടരുന്നു. പുരുഷ വിഭാഗത്തിൽ ഡൊമനിക് തീം, വനിത വിഭാഗത്തിൽ നയോമി ഒസാക്ക, വീനസ് വില്യംസ് എന്നിവരുടെ പുറത്താകൽ ആദ്യ റൗണ്ടിൽ കണ്ടു. അതിന്റെ തുടർച്ച എന്നോണമാണ് രണ്ടാം റൗണ്ടിന്റെ ആരംഭം. 22 സീഡും മുൻ ഗ്രാന്റ് സ്‌ലാം ജേതാവുമായ സ്റ്റാൻ വാവറിങ്ക 5 സെറ്റ് നീണ്ട പോരാട്ടത്തിനു ശേഷമാണ് വിംബിൾഡനിൽ നിന്ന് പുറത്തതായത്. രണ്ടാം നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ സീഡ് ചെയ്യപ്പെടാത്ത അമേരിക്കൻ താരം ഒപെൽക്കായാണ് സ്വിസ് താരത്തെ അട്ടിമറിച്ചത്. മറ്റ് മത്സരങ്ങളിൽ 11 സീഡ് മെദവദേവ് 4 സെറ്റ് നീണ്ട പോരാട്ടത്തിനു ശേഷമാണ് മൂന്നാം റൗണ്ടിൽ കടന്നത്. അതേസമയം നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചായിരുന്നു 15 സീഡ് കാനഡയുടെ മിലോസ് റയോണിക്കിന്റെ മൂന്നാം റൗണ്ട് പ്രവേശനം.
വനിതകളിൽ സെന്റർ കോർട്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 2 സെറ്റുകൾക്കായിരുന്നു മൂന്നാം സീഡും ഈ വിംബിൾഡൺ നേടാൻ വലിയ സാധ്യത കൽപ്പിക്കുന്ന ചെക്ക് താരം പ്ലീസ്‌കോവയുടെ ജയം. എതിരാളിക്ക് ഒരവസരവും നൽകാതെ 6-0,6-3 എന്ന സ്കോറിനാണ് പ്ലീസ്‌കോവ ജയിച്ചത്. ഏതാണ്ട് സമാനമായ ആധികാരികതയാണ് മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസരങ്കയും ജയിച്ച് കയറിയത്. ഓസ്‌ട്രേലിയൻ താരത്തെ 6-2,6-0 എന്ന സ്കോറിനാണ് അസരങ്ക തകർത്തു വിട്ടത്.