അവിശ്വസനീയം!!! ഒൻസിന് വീണ്ടും കണ്ണീർ, സീഡ് ചെയ്യാതെ വന്നു വിംബിൾഡൺ ജയിച്ചു മാർകെറ്റ

Wasim Akram

വിംബിൾഡൺ വനിത സിംഗിൾസ് കിരീടം ഉയർത്തി ചെക് റിപ്പബ്ലിക് താരം മാർകെറ്റ വോണ്ടറൗസോവ. സീഡ് ചെയ്യാതെ വന്നു വിംബിൾഡൺ കിരീടം ഉയർത്തിയ താരം ഓപ്പൺ യുഗത്തിൽ സീഡ് ചെയ്യാതെ വന്നു വിംബിൾഡൺ ജയിക്കുന്ന ആദ്യ വനിത താരമായി മാറി. ഇതോടെ റാങ്കിംഗിൽ താരം കരിയറിൽ ആദ്യമായി ആദ്യ പത്തിലും എത്തും. വിംബിൾഡൺ കിരീടം ഉയർത്തുന്ന മൂന്നാമത്തെ മാത്രം ചെക് വനിത ആയും മാർകെറ്റ മാറി.

വിംബിൾഡൺ

തുടർച്ചയായ രണ്ടാം ഫൈനൽ കളിച്ച ടുണീഷ്യൻ താരം ഒൻസ് യാബ്യുറിന്റെ കണ്ണീർ ഒരിക്കൽ കൂടി സെന്റർ കോർട്ടിൽ വീഴുന്നത് ആണ് ഇന്ന് കണ്ടത്. 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ചെക് താരത്തിന്റെ വിജയം. നാലു തവണ എതിരാളിയുടെ സർവീസ് ഭേദിക്കാൻ ആറാം സീഡ് ആയ ഒൻസിന് ആയെങ്കിലും ആറു തവണ ഒൻസ് സർവീസ് ബ്രേക്ക് വഴങ്ങി. രണ്ടാം സെറ്റിൽ ഇരട്ട ബ്രേക്ക് നേടി ഒൻസ് തിരിച്ചു വരവിന്റെ സൂചന നൽകിയെങ്കിലും മാർകെറ്റയുടെ പോരാട്ടവീര്യത്തിന് മുമ്പിൽ കീഴടങ്ങുക ആയിരുന്നു. 19 മത്തെ വയസ്സിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിലും കഴിഞ്ഞ വർഷം ഒളിമ്പിക്സ് ഫൈനലിലും പരാജയപ്പെട്ട മാർകെറ്റ 24 മത്തെ വയസ്സിൽ പരിക്ക് രണ്ട് ശസ്ത്രക്രിയയിലൂടെ മറികടന്നു ആണ് ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.