അതെ, ടെന്നീസ് ആരാധകർ മാത്രമല്ല കായികപ്രേമികളെ ഒന്നാകെ ആവേശത്തിലാക്കുന്ന മറ്റൊരു റോജർ ഫെഡറർ റാഫേൽ നദാൽ ക്ലാസിക്ക് പോരാട്ടത്തിന് കളം ഒരുങ്ങി. 2008 ലെ ഐതിഹാസിക വിംബിൾഡൺ ഫൈനലിന് ശേഷം വിംബിൾഡനിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്ന ഇരു താരങ്ങളും ഇത്തവണ വിംബിൾഡൺ സെമി ഫൈനലിൽ ആണ് കണ്ടുമുട്ടുക. ക്വാട്ടർ ഫൈനലിൽ അമേരിക്കൻ താരം സാം കൂരെയെ മറികടന്നാണ് നദാൽ സെമിയിൽ പ്രവേശിച്ചത്. വലിയ സർവീസുകൾക്കു പേര് കേട്ട അമേരിക്കൻ താരതത്തിനു എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു നദാലിന്റെ ജയം. ആദ്യ സെറ്റിൽ 13 എസുകൾ ഉതിർത്ത സാമിന്റെ സർവീസ് 2 തവണ ഭേദിച്ച നദാൽ സർവീസ് ബ്രൈക്ക് വഴങ്ങിയെങ്കിലും മികച്ച പോരാട്ടത്തിന് ഒടുവിൽ 7-5 നു സെറ്റ് കൈക്കലാക്കി.
ഇത് വരെ വിംബിൾഡൺ സെമിഫൈനലിൽ തോൽവി അറിയാത്ത നദാലിന് മുന്നിൽ ഒരുതരത്തിലും പിടിച്ച് നിൽക്കാനാവാതെ പാതറിയ സാമിനെയാണ് പിന്നീട് മത്സരത്തിൽ കണ്ടത്. വിംബിൾഡനിലെ തന്റെ മാരക ഫോം തുടർന്ന നദാൽ രണ്ടാം സെറ്റിൽ തുടക്കത്തിൽ നേടിയ മുൻതൂക്കം തുടർന്നപ്പോൾ 6-2 നു സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ സാമിന്റെ ആദ്യ സർവീസ് തന്നെ ഭേദിച്ച നദാൽ സാമിനു തിരിച്ചു വരാനുള്ള ഒരവസരവും നൽകിയില്ല. മത്സരത്തിൽ മൊത്തം ആറു തവണ അമേരിക്കൻ താരത്തിന്റെ സർവീസ് ഭേദിച്ച നദാൽ 6-2 നു മൂന്നാം സെറ്റും മത്സരവും തന്റേതാക്കി. മൂന്നാമതും ഫ്രഞ്ച് ഓപ്പണോടോപ്പം വിംബിൾഡനും കൈവശം വക്കുക എന്ന ചരിത്ര നേട്ടം പിന്തുടർന്ന നദാലിന് ഇനി സെന്റർ കോർട്ടിൽ റോജർ ഫെഡററിനെ നേരിടാൻ ഒരുങ്ങാം. ചരിത്രമത്സരത്തിനായി ലോകം മൊത്തം കാത്തിരിപ്പ് ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്.