ഫ്രൂട്ട്സ് ഓഫ് വിംബിൾഡൺ, വിംബിൾഡണിലെ പഴങ്ങൾ

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

വീണ്ടും ഒരു ബ്രിട്ടീഷ് സമ്മർ, വീണ്ടും ഒരു വിംബിൾഡൺ. ജൂണ് 27 തിങ്കളാഴ്ച്ച തുടങ്ങി, ജൂലൈ 10 ഞായറാഴ്‌ച്ച അവസാനിക്കുന്ന ഈ ടെന്നീസ് ടൂർണമെന്റ്, ഇത്തവണ പല കാരണങ്ങൾ കൊണ്ടു മുൻപ് എന്നത്തേക്കാളും ശ്രദ്ധ നേടിയിരിക്കുകയാണ്. റഷ്യൻ-ബെലരൂഷ്യൻ കളിക്കാരുടെ ബാൻ, തിരിച്ചു എടിപിയുടെ വക റാങ്ക് നിഷേധിക്കൽ, കഴിഞ്ഞ 30 വർഷമായി ബിബിസിക്കു വേണ്ടി ടൂർണമെന്റ് കവർ ചെയ്യുന്ന മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ സ്യു ബാർക്കറുടെ പടിയിറക്കം, അങ്ങനെ ദിവസം തോറും ഓരോരോ തലക്കെട്ടുകൾ ഇത്തവണ വിംബിൾഡണിനെ വാർത്തകളിൽ നിറച്ചു നിർത്തുകയാണ്.
20220610 182914
ലോകത്തിലേക്ക് വച്ചു ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് ടൂര്ണമെന്റ് ഏതെന്നു ചോദിച്ചാൽ അതിന് മറ്റൊരു ഉത്തരമില്ല. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സാന്നിദ്ധ്യം, കാണികളായി ഫാഷൻ-സിനിമ-സ്പോർട്സ് ലോകത്തെ സെലിബ്രിറ്റികളുടെ നീണ്ട നിര, ടെന്നീസിലെ മുൻനിര റാങ്ക്കാരുടെ ഇഷ്ട ടൂർണമെന്റ്, ഇതെല്ലാം കൊണ്ട് തന്നെ ഗ്രാൻഡ്സ്ലാമുകളുടെ ഗ്രാൻഡ്സ്ലാം ആയിട്ടാണ് വിംബിൾഡൺ അറിയപ്പെടുന്നത്. ഈ ടൂർണമെന്റിനെ കുറിച്ചു എഴുതാനും, പറയാനും, കേൾക്കാനും ഇനി ഒന്നും ബാക്കിയില്ല.

പക്ഷെ ഒന്ന് രണ്ട് വിംബിൾഡൺ വിശേഷങ്ങൾ വിശദീകരിക്കാൻ ഇനിയും ആർക്കും സാധിച്ചിട്ടില്ല. വിംബിൾഡണിലെ പ്രസിദ്ധമായ ഇഷ്ടഭക്ഷണത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിംബിൾഡൺ ടൂർണമെന്റിന്റെ അഭിവാജ്യ ഘടകമാണ് സ്ട്രോബറി വിത് ക്രീം. എല്ലാ വർഷവും ടൂർണമെന്റ് കാണാൻ വരുന്നവർക്കായി ഏകദേശം 30 ടണ് സ്ട്രോബറിയും, 7000 ലിറ്റർ ക്രീമും ഈ ടെന്നീസ് ക്ലബ് തയ്യാറാക്കുന്നു. അതാത് ദിവസം രാവിലെ തോട്ടങ്ങളിൽ നിന്ന് പറിക്കുന്ന സ്ട്രോബറികൾ ഉച്ചക്ക് മുൻപായി ടൂർണമെന്റ് വേദിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. കാണികളായി എത്തുന്ന ഒരാൾ പോലും ഇത് കഴിക്കാതെ പോകില്ല. വർഷങ്ങളായി ഇത് വിംബിൾഡൺ ശീലങ്ങളുടെ ഭാഗമാണ്, പക്ഷെ ഇതെന്ന് തുടങ്ങിയെന്നോ, എങ്ങനെ തുടങ്ങിയെന്നോ വിംബിൾഡൺ അധികാരികൾക്ക് പോലും നിശ്ചയമില്ല. വേനൽക്കാലത്ത് അടുത്തുള്ള തോട്ടങ്ങളിൽ വിളവെടുപ്പ് നടക്കുന്നത് കൊണ്ടു, കൃഷിക്കാർ സ്ട്രോബറികൾ ഇവിടെ എത്തിച്ചു തുടങ്ങിയതാകും എന്നു അവർ കരുതുന്നു.
Images (1)

S Trophy 1031 010717 Tl
The Gentlemen’s Singles Trophy. The Championships 2017 at The All England Lawn Tennis Club, Wimbledon. Credit: AELTC/Thomas Lovelock.

മറ്റൊരു വിംബിൾഡൺ ഫ്രൂട്ട് വിശേഷം, മെൻസ് ചാമ്പ്യന് നൽകുന്ന ട്രോഫിയുമായി ബന്ധപ്പെട്ടാണ്. ടെന്നീസ് കളിക്കാർ ആരാധനയോടെ കാണുന്ന വിംബിൾഡൺ ട്രോഫിയുടെ ഏറ്റവും മുകൾ ഭാഗത്ത് ഒരു പൈനാപ്പിളിന്റെ രൂപമാണ്. ലോകത്ത് അറിയപ്പെടുന്ന ഒരു ടൂർണമെന്റ് ട്രോഫിയിലും ഇങ്ങനെ ഒരു പഴവർഗ്ഗത്തിന്റെ രൂപം ഉള്ളതായി അറിവില്ല. ഇത് ഭൂരിഭാഗം ടെന്നീസ് ആരാധകർക്കും അറിയാത്ത ഒരു കാര്യമാണ്. ഇത് എന്തു കൊണ്ടാണ് എന്ന് ചോദിച്ചാൽ അതിനെ കുറിച്ചു ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബ് അധികാരികൾക്കും അറിയില്ല. ഒരു പക്ഷെ ഇംഗ്ലണ്ടിൽ കൃഷി ചെയ്യപ്പെടാത്ത ഒരു ഫലം എന്ന നിലയ്ക്ക്, എക്സോട്ടിക്ക് ആയ ഒരു ഫ്രൂട്ട് ആയി കണക്കാക്കി ട്രോഫിയുടെ ഭാഗമാക്കിയതായിരിക്കും. അതോ സക്‌സസ് ഇസ് ദി ഫ്രൂട്ട് ഓഫ് ഹാർഡ്‌വർക് എന്ന ഇംഗ്ലീഷ് പഴമൊഴിയെ ഓർമ്മിപ്പിക്കാൻ, ഏറ്റവും അതുല്യമായ ടൂർണമെന്റിന്റെ ട്രോഫിയിൽ ചേർത്തതാകുമോ?