വിംബിൾഡണിൽ നിന്നും ഒളിമ്പിക്സിൽ നിന്നും റാഫേൽ നദാൽ പിന്മാറി!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ വിംബിൾഡൺ, ടോക്കിയോ ഒളിമ്പിക്സ് എന്നിവയിൽ നിന്നു ഇതിഹാസ സ്പാനിഷ് താരം റാഫേൽ നദാൽ പിന്മാറി. 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ 35 കാരനായ നദാൽ മുമ്പ് 2008,2010 വർഷങ്ങളിൽ വിംബിൾഡൺ കിരീടം നേടിയിട്ടുമുണ്ട്. തീരുമാനം ഒരിക്കലും എളുപ്പമായിരുന്നില്ല എന്നു പ്രതികരിച്ച നദാൽ പക്ഷെ തന്റെ ശരീരത്തിനു നിലവിൽ വിശ്രമം വേണം എന്ന് കൂട്ടിച്ചേർത്തു. കടുത്ത കളിമണ്ണ് സീസണിനു ശേഷം തന്റെ ശരീരത്തിനു നിലവിൽ ഈ ടൂർണമെന്റിനു ആവശ്യമായത് നൽകാൻ ആവില്ലെന്ന് നദാൽ കൂട്ടിച്ചേർത്തു. തന്റെ ടീമിനോട് ആലോചിച്ച ശേഷം ആണ് തീരുമാനം എടുത്തത് എന്നു പറഞ്ഞ നദാൽ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ഈ വിശ്രമം ആവശ്യമാണ് എന്നും പറഞ്ഞു.

കടുത്ത കളിമണ്ണ് സീസണിൽ തന്റെ സ്വന്തം റോളണ്ട് ഗാരോസിൽ സെമിയിൽ നദാൽ തോറ്റപ്പോൾ മുതൽ ഇത്തരം ഒരു പിന്മാറ്റം പ്രതീക്ഷിച്ചത് ആണ്. സാധാരണയിൽ നിന്നു വിഭിന്നം ആയി ഇത്തവണ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ മത്സരങ്ങളുടെ ഇടവേള മൂന്നു ആഴ്ചയിൽ നിന്നു 2 ആഴ്ച ആയി കുറഞ്ഞതും തന്റെ തീരുമാനത്തെ സ്വാധീനിച്ചത് ആയി നദാൽ പറഞ്ഞു. ഇതോടെ ഫെഡറർ കളിക്കുന്നു എങ്കിലും ജ്യോക്കോവിച്ചിനു വലിയ സാധ്യത ആണ് വിംബിൾഡണിൽ അങ്ങനെ സംഭവിച്ചാൽ 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ആയി ജ്യോക്കോവിച്ച് ഫെഡറർ, നദാൽ എന്നിവരുടെ റെക്കോർഡിനു ഒപ്പമെത്തും. മുമ്പ് 3 ഒളിമ്പിക്സിൽ സ്പെയിന് ആയി കളിച്ച നദാൽ സിംഗിൾസ്, ഡബിൾസ് എന്നിവയിൽ സ്വർണ മെഡൽ ജേതാവും ആണ്. രാജ്യത്തിനായി ഒളിമ്പിക്സിൽ കളിക്കാൻ ആവാത്തതിന്റെ നിരാശയും നദാൽ പ്രകടിപ്പിച്ചു.