അത്യുഗ്രം റോജർ ഫെഡറർ

റാഫേൽ നദാലും നൊവാക് ദ്യോക്കോവിച്ചും തകർത്താടിയ പ്രീ ക്വാട്ടറിൽ ഇത്തവണ ഊഴം റോജർ ഫെഡററിന്റേത്. പലരും ഫെഡററിന് മികച്ച എതിരാളിയാകും എന്നു കരുതിയ ഇറ്റാലിയൻ താരവും 17 സീഡുമായ മറ്റെയോ ബർട്ടേനിയെ അക്ഷരാർത്ഥത്തിൽ തകർത്തണ് റോജർ ഫെഡറർ ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചത്. തന്റെ അതിസുന്ദരമായ ടെന്നീസ് തുടക്കം മുതൽ പുറത്തെടുത്ത ഫെഡറർ ലേശം തിരക്കിലാണ് എന്ന നിലയിലാണ് മത്സരത്തിൽ പെരുമാറിയത്. അതിവേഗം സർവീസ് പോയിന്റുകൾ ജയിച്ച് വേഗത്തിൽ എതിരാളിയുടെ സർവീസുകൾ ഭേദിച്ച് കൊണ്ടിരുന്ന ഫെഡറർ മത്സരം ജയിക്കാൻ ഒരു മണിക്കൂർ 15 മിനിറ്റു മാത്രമേ എടുത്തുള്ളു. 20 റാങ്കുകാരനായ 23 കാരന്റെ രണ്ടാമത്തെ സർവീസ് തന്നെ ആദ്യ സെറ്റിൽ ബ്രൈക്ക് ചെയ്ത ഫെഡറർ പിന്നീട് ഒരവസരവും നൽകാതെ 6-1 നു സെറ്റ് കൈക്കലാക്കി. സെന്റർ കോർട്ടിൽ റോജർ ഫെഡററിനെതിരെ കളിക്കുന്നതിന്റെ പരിഭ്രമം പലപ്പോഴും പ്രകടമാക്കിയ യുവതാരത്തിന് പലപ്പോഴും ടെന്നീസ് പഠിപ്പിച്ചു കൊടുത്ത ഫെഡറർ യുവതാരത്തെ നിലം തൊടീച്ചില്ല. രണ്ടാം സെറ്റ് 6-2 നു ഫെഡററിനു സ്വന്തം. പുൽ മൈതാനത്ത് തന്റെ 185 ജയമെന്ന ചരിത്ര നേട്ടം പിന്തുടരുന്ന ഫെഡറർ മൂന്നാം സെറ്റ് തുടങ്ങിയത് തന്നെ ഇറ്റാലിയൻ താരത്തിന്റെ സർവീസ് ഭേദിച്ച് കൊണ്ട് തന്നെയായിരുന്നു. 6-2 നു ഒരു ബ്രൈക്കിലൂടെ ആ സെറ്റും മത്സരവും സ്വന്തമാക്കിയ ഫെഡറർ തന്റെ 17 മത്തെ വിംബിൾഡൺ ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. പ്രായം 37 ആയാലും തന്നെ ആരും എഴുതി തള്ളണ്ട എന്ന വ്യക്തമായ സൂചന തന്നെയാണ് വെറും 5 ഗെയിം മാത്രം മത്സരത്തിൽ എതിരാളിക്ക് വിട്ട് കൊടുത്ത പ്രകടനത്തിലൂടെ ഫെഡറർ നൽകിയത്. മിഖായേൽ കുകുഷ്കിനെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന 8 സീഡും ജപ്പാൻ താരവുമായ കെയ്‌ നിഷികോരിയാണ്‌ ക്വാട്ടർ ഫൈനലിലെ ഫെഡററിന്റെ എതിരാളി.

Previous articleസാഹ ഹീറോ ആയി, ഐവറി കോസ്റ്റ് ക്വാർട്ടറിൽ
Next articleനെയ്മറിന് ക്ലബ് വിടാം എന്ന് പി എസ് ജി!!