ബ്രിട്ടീഷ് താരവും നാലാം സീഡും ആയ ജാക് ഡ്രേപ്പറിനെ വീഴ്ത്തി മാരിൻ സിലിച് വിംബിൾഡൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നിരന്തരം നേരിട്ട പരിക്കുകൾക്ക് ശേഷം കഴിഞ്ഞ മൂന്നു വിംബിൾഡണിലും കളിക്കാതെ സീഡ് ചെയ്യാതെ എത്തിയ സിലിച് തന്റെ കാലം അവസാനിച്ചില്ല എന്നു തെളിയിക്കുക ആയിരുന്നു ഇന്ന്. നാലു സെറ്റ് പോരാട്ടത്തിൽ ആണ് ക്രൊയേഷ്യൻ താരത്തിന്റെ ജയം.
6-4, 6-3, 1-6, 6-4 എന്ന സ്കോറിന് ആയിരുന്നു സിലിചിന്റെ ജയം. പുൽ മൈതാനത്ത് ഇത് ആദ്യമായാണ് സിലിച് റാങ്കിങിൽ ആദ്യ അഞ്ചിൽ ഉള്ള താരത്തെ തോൽപ്പിക്കുന്നത്. 13 സീഡ് അമേരിക്കയുടെ ടോമി പോളിനെ സീഡ് ചെയ്യാത്ത ഓസ്ട്രിയൻ താരം സെബാസ്റ്റ്യൻ ഓഫ്നർ അട്ടിമറിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ഓസ്ട്രിയൻ താരം തിരിച്ചു വന്നു 1-6, 7-5, 6-4, 7-5 എന്ന സ്കോറിന് അമേരിക്കൻ താരത്തെ വീഴ്ത്തിയത്.