മൂന്നാം സീഡും നിലവിലെ ചാമ്പ്യനും ആയ കാർലോസ് അൽകാരസ് ഗാർഫിയ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 16 സീഡ് ഫ്രഞ്ച് താരം ഉഗോ ഉമ്പർട്ടിനെ നാലു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് സ്പാനിഷ് താരം മറികടന്നത്. തന്റെ മികവ് തുടക്കം മുതൽ പുറത്തെടുത്ത അൽകാരസ് ആദ്യ രണ്ടു സെറ്റുകളിൽ എതിർ താരത്തിന് മേൽ വലിയ ആധിപത്യം പുലർത്തി. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും ആണ് അൽകാരസ് നേടിയത്. എന്നാൽ മൂന്നാം സെറ്റിൽ ഉമ്പർട്ട് തിരിച്ചടിച്ചു. സെറ്റ് താരം 6-1 നു നേടി.
മികച്ച പോരാട്ടം കണ്ട നാലാം സെറ്റിൽ എന്നാൽ എതിർ താരത്തിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്ത അൽകാരസ് 7-5 നു സെറ്റ് നേടി മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 14 ഏസുകൾ ഉതിർത്ത അൽകാരസ് 5 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണ ബ്രേക്ക് ചെയ്തു. തന്റെ ഇത് വരെയുള്ള മികച്ച പോരാട്ടം ആണ് അൽകാരസ് ഇന്ന് പുറത്ത് എടുത്തത്. കരിയറിലെ 9 മത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് 21 കാരനായ അൽകാരസിന് ഇത്. 22 വയസ്സിനു മുമ്പ് 10 ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലുകൾ കളിച്ച ഇതിഹാസ താരങ്ങൾ ആയ ബെക്കർ, ബോർഗ്, വിലാണ്ടർ എന്നിവർ മാത്രമാണ് ഈ നേട്ടത്തിൽ നിലവിൽ അൽകാരസിന് മുന്നിൽ ഉള്ളത്.