വിംബിൾഡൺ ആദ്യ റൗണ്ടിനെ കാത്ത്‌ തലമുറകൾ തമ്മിലുള്ള പോരാട്ടം!

- Advertisement -

വിംബിൾഡൺ ആദ്യ റൗണ്ടിൽ വീനസ് വില്യംസിന് എതിരാളി കോരി കൊക്കോ ഗൗഫ് എന്ന അമേരിക്കക്കാരി. അതിൽ എന്താണ് വലിയ വാർത്ത എന്നറിയാൻ ഗൗഫിന്റെ പ്രായം അറിയണം. വെറും 15 വയസ്സാണ് ഗൗഫിന്. അതായത് 2004 ൽ കോരി ജനിക്കുന്ന സമയത്ത് വീനസ് ടെന്നീസ് ലോകം ഭരിക്കുകയായിരുന്നു എന്നർത്ഥം.

ഓപ്പൺ ഇറയിൽ വിംബിൾഡൺ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരം കൂടിയാണ് ഇപ്പോൾ വനിത റാങ്കിങ്ങിൽ 301 റാങ്കിലുള്ള കോരി. പല പ്രമുഖരും അടുത്ത സെറീന വില്യംസ്‌ എന്നു വിളിക്കുന്ന കോരി യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ തിളങ്ങിയെങ്കിലും സീനിയർ ലീവെളിലേക്കു മാറിയിട്ട് അധികമായിട്ടില്ല.

39 വയസ്സും 1000 ത്തിലേറെ മത്സരങ്ങളും കളിച്ച വീനസ് വില്യംസ്‌ 5 വിംബിൾഡൺ അടക്കം 7 ഗ്രാന്റ്‌ സ്‌ലാമുകളിൽ വിജയിച്ച താരം കൂടിയാണ്. ലോക ടെന്നീസിലെ തന്നെ എക്കാലത്തെയും മികച്ച താരത്തിനെതിരായ മത്സരം സ്വപ്നതുല്യമെന്നാണ് കോരി പ്രതികരിച്ചത്‌. പ്രായം വീനസിനെ തളർത്തുമോ ഇല്ല പരിചയക്കുറവ് കോരിയെ കുടുക്കുമോ എന്നു കണ്ട് തന്നെ അറിയണം. 24 വയസ്സിന്റെ വ്യത്യാസങ്ങളുള്ള താരങ്ങൾ തമ്മിലുള്ള സമാനതകളില്ലാത്ത പോരാട്ടത്തിന് കാത്തിരിക്കുകയാണ് ടെന്നീസ് ലോകം ഒട്ടാകെ.

Advertisement