യു.എസ് ഓപ്പണിൽ തന്റെ അതിശയിപ്പിക്കുന്ന കുതിപ്പ് തുടർന്നു മുൻ ലോക ഒന്നാം നമ്പർ താരം ആയ വിക്ടോറിയ അസരങ്ക. സമീപകാലത്ത് ടെന്നീസ് കളത്തിൽ അധികം ഒന്നും നേട്ടങ്ങൾ ഇല്ലാതിരുന്ന അസരങ്ക സിൻസിനാറ്റി ഓപ്പൺ ജയിച്ച ആത്മാവിശ്വാസവുമായി ആയിരുന്നു യു.എസ് ഓപ്പണിൽ എത്തിയത്. 2013 ഫ്രഞ്ച് ഓപ്പണിന് ശേഷം ഇത് ആദ്യമായാണ് അസരങ്ക ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. പതിനാറാം സീഡ് എലിസി മെർട്ടൻസിനെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തുക ആയിരുന്നു അസരങ്ക.
വെറും 73 മിനിറ്റ് നീണ്ടു നിന്ന ക്വാർട്ടർ ഫൈനലിൽ ഒരു ഘട്ടത്തിൽ പോലും എതിരാളിക്ക് ഒരവസരവും അസരങ്ക നൽകിയില്ല. ആദ്യ സെറ്റിൽ ഒരു ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ മെർട്ടൻസിനു ഒരു പോയിന്റ് പോലും അസരങ്ക മത്സരത്തിൽ നൽകിയില്ല. മെർട്ടൻസിനെ നാലു തവണ ബ്രൈക്ക് ചെയ്ത അസരങ്ക ആദ്യ സെറ്റ് 6-1 നു നേടിയപ്പോൾ രണ്ടാം സെറ്റിൽ ബേഗൽ നേടി 6-0 ത്തിനു എതിരാളിയെ നാണം കെടുത്തി.
7 വർഷങ്ങൾക്ക് ശേഷം ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനൽ കളിക്കാൻ ഇറങ്ങുന്ന ബെലാറസ് താരത്തിന് സെമിയിൽ സാക്ഷാൽ സെറീന വില്യംസ് ആണ് എതിരാളി. വലിയ സുഹൃത്തുക്കൾ കൂടിയായ ഇരുവരും ടൂർണമെന്റിലെ അവശേഷിക്കുന്ന അമ്മമാർ കൂടിയാണ്. ക്വാർട്ടർ ഫൈനലിൽ അമ്മമാരുടെ പോരാട്ടത്തിൽ പിരങ്കോവയെ മറികടന്ന് ആയിരുന്നു സെറീന സെമിയിൽ എത്തിയത്. ഈ ഫോമിൽ അസരങ്ക കളിച്ചാൽ സെറീന, അസരങ്ക സെമിഫൈനൽ ഏറ്റവും മികച്ച മത്സരം ആവും എന്നുറപ്പാണ്.