യു.എസ് ഓപ്പണിൽ റഷ്യൻ ക്വാർട്ടർ ഫൈനൽ, മെദ്വദേവിന് റൂബ്ലേവ് എതിരാളി

യു.എസ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി റഷ്യൻ താരങ്ങൾ ആയ ഡാനിൽ മെദ്വദേവും ആന്ദ്ര റൂബ്ലേവും. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഫ്രാൻസസ് ടിഫോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മൂന്നാം സീഡും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും ആയ മെദ്വദേവ് ആണ് അവസാന എട്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഉജ്ജ്വലമായ ഫോമിലായിരുന്ന മെദ്വദേവ് മത്സരത്തിൽ 8 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 6-4 നു ആദ്യ സെറ്റ് നേടിയ മെദ്വദേവ് അടുത്ത 2 സെറ്റുകളിൽ വെറും ഒരേ ഒരു ഗെയിം മാത്രം ആണ് എതിരാളിക്ക് നൽകിയത്. 6-1 നു രണ്ടാം സെറ്റ് നേടിയ മെദ്വദേവ് മൂന്നാം സെറ്റ് 6-0 നു നേടി അമേരിക്കൻ താരത്തെ നാണം കെടുത്തി.

അതേസമയം ആറാം സീഡ് മറ്റിയോ ബരേറ്റിനിയെ അട്ടിമറിച്ച് ആണ്‌ യുവ റഷ്യൻ താരമായ ആന്ദ്ര റൂബ്ലേവ് അവസാന എട്ടിൽ എത്തിയത്. പത്താം സീഡ് ആയ റൂബ്ലേവ് ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ഇറ്റാലിയൻ താരത്തെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ ബ്രൈക്ക് വഴങ്ങിയ റൂബ്ലേവിനെതിരെ 6-4 നു സെറ്റ് നേടിയ ബരേറ്റിനി പതിവ് പോലെയാണ് തുടങ്ങിയത്. എന്നാൽ രണ്ടാം സെറ്റിൽ ടൂർണമെന്റിൽ ആദ്യമായി ബരേറ്റിനിയുടെ സർവീസ് ബ്രൈക്ക് ചെയ്ത റൂബ്ലേവ് സെറ്റ് 6-3 നു നേടി മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. മത്സരത്തിൽ തുടർന്നു 3 തവണ കൂടി ഇറ്റാലിയൻ താരത്തെ ബ്രൈക്ക് ചെയ്ത റൂബ്ലേവ് 6-3, 6-3 എന്ന സ്കോറിന് മൂന്നും നാലും സെറ്റുകൾ നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിട്ട് യു.എസ് ഓപ്പണിൽ മികച്ച ഫോമിലുള്ള ഈ രണ്ടു റഷ്യൻ താരങ്ങൾ ക്വാർട്ടർ ഫൈനലിൽ മുഖാമുഖം വരുമ്പോൾ അത് തീപാറും പോരാട്ടം തന്നെയാവും.

Previous articleഎവർട്ടൺ തകർക്കുന്നു!! റോഡ്രിഗസ് ഇനി എവർട്ടൺ നീലയിൽ!!!
Next articleഅൻവർ അലിയോട് ഫുട്ബോളിൽ നിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ട് എ ഐ എഫ് എഫ്