ആധികാരികമായി മൂന്നാം റൗണ്ടിലേക്ക് മുന്നേറി സിറ്റിപാസും ഷ്വാർട്ട്സ്മാനും

Screenshot 20210902 132352

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ ആന്റി മറെക്ക് എതിരായ വിവാദ മത്സരം അതിജീവിച്ച ഗ്രീക്ക് താരവും മൂന്നാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ് രണ്ടാം റൗണ്ടിൽ പ്രകടനം മെച്ചപ്പെടുത്തി. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം അഡ്രിയാൻ മന്നറിനോയെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് സിറ്റിപാസ് വീഴ്ത്തിയത്. എതിരാളിയെ അഞ്ചു തവണ ബ്രൈക്ക് ചെയ്ത സിറ്റിപാസ് 27 ഏസുകൾ ആണ് മത്സരത്തിൽ അടിച്ചത്‌. ഒന്നും രണ്ടും സെറ്റുകൾ 6-3, 6-4 എന്ന സ്കോറിന് നേടിയ സിറ്റിപാസിന് എതിരെ മൂന്നാം സെറ്റ് ടൈബ്രേക്കറിൽ നേടി ഫ്രഞ്ച് താരം തിരിച്ചടിച്ചു. മൂന്നാം സെറ്റിന് ശേഷം ആദ്യ മത്സരത്തിൽ വിവാദമായ ടോയിലറ്റ് ഇടവേള ഒരിക്കൽ കൂടി എടുത്ത സിറ്റിപാസ് തിരിച്ചു വന്നു നാലാം സെറ്റ് 6-0 നു നേടി മൂന്നാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.

11 സീഡ് ആയ അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ ദക്ഷിണാഫ്രിക്കയുടെ പരിചയസമ്പന്നനായ കെവിൻ ആന്റേഴ്‌സനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. 24 ഏസുകൾ ഉതിർത്ത ആന്റേഴ്‌സനെ മൂന്നു തവണ ബ്രൈക്ക് ചെയ്യാൻ ഷ്വാർട്ട്സ്മാനു ആയി. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ ഷ്വാർട്ട്സ്മാൻ രണ്ടാം സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. 6-4 നു മൂന്നാം സെറ്റ് സ്വന്തം പേരിലാക്കിയ അർജന്റീനൻ താരം മത്സരം ജയിച്ചു മൂന്നാം റൗണ്ട് ഉറപ്പിച്ചു.

Previous articleഷെരീഫ് മുഹമ്മദ് ഇനി ഗോകുലം കേരളയുടെ ക്യാപ്റ്റൻ
Next articleസ്വിറ്റ്സർലാന്റ് താരം ശാക്കയ്ക്ക് കൊറോണ