യു.എസ് ഓപ്പണിൽ 12 സീഡ് മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഉക്രൈൻ താരവും അഞ്ചാം സീഡുമായ എലീന സ്വിറ്റോലീന ക്വാർട്ടർ ഫൈനലിൽ. ഹാലപ്പിന് മേൽ സ്വിറ്റോലീന സമ്പൂർണ ആധിപത്യം നേടിയ മത്സരത്തിൽ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് താരം ജയം കണ്ടത്. 5 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഉക്രൈൻ താരം 5 തവണയാണ് ഹാലപ്പിനെ ബ്രൈക്ക് ചെയ്തത്. ക്വാർട്ടറിൽ വമ്പൻ അട്ടിമറികളുമായി വരുന്ന കാനഡയുടെ 18 കാരി ലൈയ്ല ആനി ഫെർണാണ്ടസ് ആണ് സ്വിറ്റോലീനയുടെ എതിരാളി.
കഴിഞ്ഞ മത്സരത്തിൽ നിലവിലെ ജേതാവ് നായോമി ഒസാക്കയെ അട്ടിമറിച്ചു വന്ന 18 കാരിയായ കനേഡിയൻ താരം ലൈയ്ല ആനി ഫെർണാണ്ടസ് ഇത്തവണ വീഴ്ത്തിയത് മുൻ ഗ്രാന്റ് സ്‌ലാം ജേതാവും 16 സീഡുമായ ജർമ്മനിയുടെ ആഞ്ചലി കെർബറിനെ. മൂന്നു സെറ്റ് കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷമാണ് ഫെർണാണ്ടസ് തന്റെ ജയം പിടിച്ചെടുത്തത്. രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം കണ്ടപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ സെറ്റ് സ്വന്തമാക്കിയ ഫെർണാണ്ടസ് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ 6-2 നു കൂടുതൽ ആധികാരിക പ്രകടനവും ആയി ജയം കണ്ട കനേഡിയൻ യുവ താരം തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. നാളെ 19 പിറന്നാൾ ആഘോഷിക്കുന്ന ലൈയ്ല രണ്ടു പഴയ ലോക ഒന്നാം നമ്പർ താരങ്ങളെയാണ് തുടർച്ചയായ മത്സരങ്ങളിൽ അട്ടിമറിച്ചത്.