ഗ്രാന്റ് സ്‌ലാം ക്വാട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ്,ക്വാട്ടറിൽ ഫെലിക്‌സ് എതിരാളി

20210906 083859

കഴിഞ്ഞ മത്സരത്തിൽ മൂന്നാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ അട്ടിമറിച്ച കാർലോസ് അൽകാരസ് ഗാർഫിയയുടെ പടയോട്ടം തുടരുന്നു. റൗണ്ട് ഓഫ് 16 ൽ ജർമ്മൻ താരം പീറ്ററിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ക്വാട്ടർ ഫൈനലിൽ എത്തിയതോടെ അൽകാരസ് ഓപ്പൺ യുഗത്തിൽ ഗ്രാന്റ് സ്‌ലാം അവസാന എട്ടിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 7 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 13 തവണയാണ് സ്പാനിഷ് യുവ താരം ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 7-5 നു നഷ്ടമായ ശേഷം തിരിച്ചടിച്ച അൽകാരസ് രണ്ടാം സെറ്റ് 6-1 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റ് പീറ്റർ 7-5 നു നേടിയതോടെ അൽകാരസ് സമ്മർദ്ദത്തിലായി. നാലാം സെറ്റിൽ തുടക്കത്തിൽ ബ്രൈക്ക് വഴങ്ങുകയും ചെയ്തു അൽകാരസ്.

എന്നാൽ അവിടെ നിന്നു അപാരമായി കളിച്ച അൽകാരസ് സെറ്റ് 6-2 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഒരു ഗെയിം പോലും എതിരാളിക്ക് നൽകാതെ 6-0 നു നേടിയ അൽകാരസ് ചരിത്രം കുറിച്ചു ക്വാട്ടറിലേക്ക് മുന്നേറി. ക്വാട്ടറിൽ കനേഡിയൻ യുവതാരവും 12 സീഡുമായ ഫെലിക്‌സ് ആഗർ അലിയാസ്മെയാണ് അൽകാരസിന്റെ എതിരാളി. അമേരിക്കൻ താരം ഫ്രാൻസസ് ടിയെഫോയോട് ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷമാണ് ഫെലിക്‌സ് മത്സരം ജയിച്ചത്. 6-2, 7-5, 6-4 എന്ന സ്കോറിന് ആണ് രണ്ടു മുതൽ നാലു വരെയുള്ള സെറ്റുകൾ ഫെലിക്‌സ് ജയിച്ചത്. 24 ഏസുകൾ മത്സരത്തിൽ അടിച്ച ഫെലിക്‌സ് 3 തവണ അമേരിക്കൻ താരത്തെ ബ്രൈക്ക് ചെയ്യുകയും ചെയ്യും. യുവ താരത്തിൽ ആരു ന്യൂയോർക്കിൽ സെമി കളിക്കുമെന്നു കാത്തിരുന്നു കാണാം.

Previous articleഹാലപ്പിനെ വീഴ്ത്തി സ്വിറ്റോലീന, അട്ടിമറി തുടർന്ന് കെർബറിനെയും തോൽപ്പിച്ചു 18 കാരി ലൈയ്ല ഫെർണാണ്ടസ്
Next articleരഹാനെക്ക് വിശ്രമം അനുവദിക്കണമെന്ന് ലക്ഷ്മൺ