മാച്ച് പോയിന്റ് രക്ഷിച്ചു ജയം കണ്ടു പ്ലിസ്കോവ, ബിയാങ്കയും കെർബറും മൂന്നാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ പരാജയം മുന്നിൽ കണ്ട ശേഷം ജയിച്ചു കയറി നാലാം സീഡ് ചെക് താരം കരോലിന പ്ലിസ്കോവ. അതിശക്തമായ പോരാട്ടം ആണ് സീഡ് ചെയ്യാത്ത അമേരിക്കൻ താരം അമാന്ത അനിസിമോവ പ്ലിസ്കോവക്ക് രണ്ടാം റൗണ്ടിൽ നൽകിയത്. ആദ്യ സെറ്റിൽ തന്നെ കടുത്ത പോരാട്ടം കണ്ടപ്പോൾ അവസാന സർവീസിൽ ലഭിച്ച ബ്രൈക്ക് ആണ് പ്ലിസ്കോവക്ക് 7-5 നു സെറ്റ് നൽകിയത്. രണ്ടാം സെറ്റ് പക്ഷെ അതിലും കടുത്തു. ടൈബ്രേക്കറിലേക്ക് സെറ്റ് നീണ്ടപ്പോൾ സെറ്റ് കയ്യിലാക്കിയ അമേരിക്കൻ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. ശക്തമായ ടൈബ്രേക്കർ 7-5 നു ആണ് അമാന്ത ജയിച്ചത്. മൂന്നാം സെറ്റും സമാനമായ പോരാട്ടം കണ്ടപ്പോൾ സെറ്റ് വീണ്ടും ടൈബ്രേക്കറിലേക്ക്. ഇത്തവണ ടൈബ്രേക്കറിൽ 5-2 നു വേഗം മുന്നിലെത്തിയ അമേരിക്കൻ താരം മാച്ച് പോയിന്റും സൃഷ്ടിച്ചു. എന്നാൽ ഇത് അതിജീവിച്ച പ്ലിസ്കോവ ടൈബ്രേക്കറിലൂടെ സെറ്റ് കയ്യിലാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 24 ഏസുകൾ ഉതിർത്ത ചെക് താരം പരാജയത്തിന് മുന്നിൽ നിന്നാണ് ജയം കയ്യിലാക്കിയത്.

അമേരിക്കൻ താരം ലോറൻ ഡേവിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത മുൻ ജേതാവ് കനേഡിയൻ താരവും ആറാം സീഡും ആയ ബിയാങ്ക ആന്ദ്രീസ്കുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ ബ്രൈക്ക് കണ്ടത്തിയ ബിയാങ്ക 6-4, 6-4 എന്ന സ്കോറിന് ആണ് അമേരിക്കൻ താരത്തെ തകർത്തത്. ഉക്രൈൻ താരം ആൻഹേലിനയെ വീഴ്ത്തിയ മുൻ ലോക ഒന്നാം നമ്പർ ആയ 16 സീഡ് ജർമ്മൻ താരം ആഞ്ചലിക്ക കെർബറും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഉക്രൈൻ താരത്തെ 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത് ആയിരുന്നു കെർബറിന്റെ മുന്നേറ്റം. അതേസമയം 30 സീഡ് ആയ ക്രൊയേഷ്യൻ താരം പെട്ര മാർട്ടിച്ചിനെ 7-6, 6-4 എന്ന സ്കോറിന് മറികടന്ന സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംജനോവിച്ചും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.