യു.എസ് ഓപ്പണിൽ റഷ്യൻ താരങ്ങൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പത്താം സീഡ് ആന്ദ്ര റൂബ്ലേവിനെ മറികടന്നു മൂന്നാം സീഡ് ഡാനിൽ മെദ്വദേവ്. 2 വയസ്സ് ഇളയ റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മെദ്വദേവ് തകർത്തത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് ആയ മെദ്വദേവിന്റെ തുടർച്ചയായ രണ്ടാം യു.എസ് ഓപ്പൺ സെമിഫൈനൽ ആണ് ഇത്. ആദ്യ സെറ്റിൽ ഇരു താരങ്ങളും സർവീസുകൾ നിലനിർത്തിയപ്പോൾ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു.
ടൈബ്രേക്കറിൽ ആദ്യം മുന്നിലെത്തിയ റൂബ്ലേവ് തുടർച്ചയായി പോയിന്റുകൾ നഷ്ടമാക്കി ടൈബ്രേക്കറും സെറ്റും കൈവിടന്നത് ആണ് പിന്നീട് കണ്ടത്. ആദ്യ സെറ്റ് നഷ്ടമായപ്പോൾ വലിയ ദേഷ്യം ആണ് റൂബ്ലേവ് കളത്തിൽ പ്രകടിപ്പിച്ചത്. രണ്ടാം സെറ്റിൽ മത്സരത്തിലെ ഏക ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച മെദ്വദേവ് അത് ജയിച്ച് സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി.
മൂന്നാം സെറ്റിൽ ആദ്യ സെറ്റിന്റെ ആവർത്തനം കണ്ടപ്പോൾ ടൈബ്രേക്കറിലൂടെ സെറ്റ് സ്വന്തമാക്കിയ മെദ്വദേവ് സെമിഫൈനൽ ഉറപ്പിച്ചു. അതേസമയം മൂന്നാം സെറ്റിൽ പരിക്ക് അലട്ടിയപ്പോൾ മെദ്വദേവ് ഫിസിയോയുടെ സഹായം നേടാൻ ഇടവേള എടുത്തിരുന്നു. സെമിഫൈനലിൽ രണ്ടാം സെറ്റ് ഡൊമിനിക് തീം ഓസ്‌ട്രേലിയൻ യുവ താരം അലക്‌സ് ഡി മിനോർ മത്സരവിജയിയെ ആവും മെദ്വദേവ് നേരിടുക. ക്വാർട്ടർ ഫൈനലിൽ നേരിട്ട ശാരീരിക അസ്വസ്ഥത മെദ്വദേവിനെ സെമിയിൽ അലട്ടില്ല എന്നു തന്നെയാണ് ഇപ്പോഴത്തെ പ്രതീക്ഷ.