ബാഴ്സലോണ വിട്ട മാർട്ടിൻ ബ്രാത്വൈറ്റ് എസ്പാന്യോളിലേക്ക്

Nihal Basheer

20220901 153247

ബാഴ്സലോണ മുന്നേറ്റ താരം മാർട്ടിൻ ബ്രാത്വൈറ്റ് എസ്പാന്യോളിൽ. താരം പുതിയ ക്ലബ്ബിൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. എന്നാൽ കൈമാറ്റം പൂർത്തിയക്കണമെങ്കിൽ ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ റദ്ദാക്കേണ്ടതുണ്ട്. ഈ ദിവസം തന്നെ അതുണ്ടാകും എന്നാണ് സൂചനകൾ. നേരത്തെ സ്‌പെയിനിൽ നിന്നടക്കം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം താരം തള്ളിക്കളഞ്ഞിരുന്നു. എസ്പാന്യോളിൽ എത്തുമ്പോൾ ബാഴ്‌സലോണ നഗരത്തിൽ തന്നെ തുടരാനും താരത്തിനാകും.

മൂന്ന് വർഷത്തെ കരാർ ആവും ബ്രാത്വൈറ്റ് എസ്പാന്യോളിൽ ഒപ്പിടുക. മുന്നേറ്റ താരം റൗൾ ഡെ തോമസ് ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ അതിന് ശേഷം പുതിയ താരത്തെ എത്തിക്കാൻ ആയിരുന്നു എസ്പാന്യോളിന്റെ പദ്ധതി. എന്നാൽ ട്രാൻസ്‌ഫർ വിൻഡോ അവസാന ദിനം ആയിട്ടും ക്ലബ്ബുമായി ചെറിയ ഉടക്കിൽ എത്തിയ റൗൾ ഡെ തോമസ് ടീം വിടുന്ന ലക്ഷണമൊന്നും ഇല്ല. ഇതിന് പിറകെയാണ് ബ്രാത്വൈറ്റിനെ എത്തിക്കാൻ അവർ തീരുമാണിച്ചത്. ബാഴ്‌സലോണ ഫ്രീ ഏജന്റ് ആക്കിയതിന് ശേഷം താരത്തെ എസ്പാന്യോൾ ജേഴ്‌സിയിൽ കാണാം.