യുഎസ് ഓപ്പൺ ഫൈനലിൽ ഇറങ്ങുന്നവരുടെ കാര്യത്തിൽ തീരുമാനമായി. 23 വയസ്സുള്ള നോർവീജിയൻ താരം കാസ്പർ റൂഡ് നേരിടുക 19 വയസ്സുള്ള സ്പാനിഷ് താരം കാർലോസ് അൽക്കറാസ് ഗാർഷ്യയെയാണ്.
ഫ്ലഷിങ് മെഡോസിലെ ബിലീ ജീൻ കിംഗ് ടെന്നീസ് സെന്ററിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ നാളെ ഗാലറികൾ നിറഞ്ഞു കവിയും. കാണികളെ പാൻ ചെയ്യുന്ന ക്യാമറക്കണ്ണുകൾ ഇത് വരെ കാണാത്തയത്ര വിഐപികളെ ഒന്നിച്ചു കാണിച്ചു തരും. കം ഓണ് കാസ്പർ വിളികൾക്കൊപ്പം, വാമോസ് അൽക്കറാസ് ഉച്ചത്തിൽ മുഴങ്ങും. ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകർ ഈ ചരിത്ര നിമിഷത്തിന് സാക്ഷികളാകാൻ ടിവി സെറ്റുകൾക്ക് മുന്നിൽ ഇടം പിടിക്കും. അങ്ങനെ കാലഘട്ട മാറ്റത്തിന്റെ പെരുമ്പറ മുഴക്കി കൊണ്ടു ഇക്കൊല്ലത്തെ അവസാന ഗ്രാൻഡ്സ്ലാം സിംഗിൾസ് മത്സരം ന്യൂയോർക്കിൽ അരങ്ങേറും.
ഞായറാഴ്ച വൈകിട്ട് (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30am) നടക്കാനിരിക്കുന്ന ഈ കളിയിലെ വിജയിയെ ശരിയായി പ്രവചിക്കുന്നവർ കേരള സംസ്ഥാന ഓണം ബംബർ ടിക്കറ്റ് ഒരെണ്ണം എടുക്കുന്നത് നന്നായിരിക്കും. കാരണം ഈ മത്സരം പ്രവചനാതീതമാണ് എന്നാണ് ടെന്നീസ് വിദഗ്ധർ പറയുന്നത്.
വേഗതയിലും, റിട്ടർണുകളുടെ ശക്തിയിലും, അവസാന നിമിഷം വരെയുള്ള പോരാട്ട വീര്യത്തിലും ചെറുപ്പക്കാരനായ നദാലിനെ ഓർമ്മിപ്പിക്കുന്ന നദാലിന്റെ നാട്ടുകാരനായ അൽക്കറാസ് കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് തന്നെ ടെന്നീസ് ലോകത്തെ വിസ്മയിപ്പിച്ചു കഴിഞ്ഞു. അഞ്ചാം സെറ്റ് കളിക്കുമ്പോഴും തളർച്ചയുടെ ലാഞ്ചന പോയിട്ട് ഒരു തുള്ളി വിയർപ്പ് പോലും ആ മുഖത്ത് കാണാൻ നമുക്ക് സാധിക്കില്ല. പോയിന്റ് നേടുമ്പോൾ തന്റെ ടീം ഇരിക്കുന്ന ബോക്സിനെ നോക്കി പുഞ്ചിരിക്കുന്നത് കൊണ്ട് മാത്രമാണ് അൽക്കറാസ് ഒരു മെഷീനല്ല, മനുഷ്യനാണെന്നു തിരിച്ചറിയുന്നത്. മുൻ ലോക ഒന്നാം നമ്പർ ജുവാൻ കാർലോസ് ഫെറെറോയാണ് അൽക്കറാസിന്റെ കളിയെ ഈ നിലയിലേക്ക് എത്തിച്ചത്.
എതിരാളി കാസ്പർ റൂഡ് രണ്ട് വർഷം നേരത്തെ പ്രൊഫഷണൽ ടെന്നീസിൽ വരവറിയിച്ചതാണ്. മുൻ നോർവെജിയൻ താരവും, ലോക 39ആം റാങ്ക് കളിക്കാരനുമായ ക്രിസ്ത്യൻ റൂഡിന്റെ മകൻ 2018 മുതലാണ് ATP ടൂർണമെന്റുകളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ രണ്ട് വർഷമായി ഗ്രാൻഡ്സ്ലാം വേദികളിൽ ഭാവി വാഗ്‌ദാനം എന്ന പേര് കേൾപ്പിക്കുന്നു. ഒരു ക്ലേ കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്നു പേരെടുത്ത റൂഡ് ഇക്കൊല്ലത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനൽസിൽ കടന്നെങ്കിലും, തന്റെ ഗുരുവിന് ദക്ഷിണ പോലെ, നദാലിനോട് അടിയറവ് പറയുകയാണുണ്ടായത്. റൂഡ് റഫയേൽ നദാൽ അക്കാദമിയിലാണ് പരിശീലിച്ചിരുന്നത്. ചടുലമായ കളിയും, പ്രായത്തേക്കാൾ കൂടുതൽ പക്വതയും, ഇപ്പോഴത്തെ കളിക്കാർക്കിടയിൽ ഏറ്റവും നിശബ്ദനുമായ റൂഡിനെ ഒരു കാലത്ത് ടൂറിൽ ഉള്ളവർ കഴുകൻ എന്നാണ് വിളിച്ചിരുന്നത്. വളരെ കുറച്ചു മാത്രം അണ്ഫോസ്ഡ് എററുകൾ വരുത്താറുള്ള കാസ്പർ, മറ്റുള്ളവരുടെ തെറ്റുകൾ പോയിന്റാക്കാൻ മിടുക്കനാണ്.
നദാലിന്റെ നാട്ടുകാരനും, നദാലിന്റെ ശിഷ്യനും തമ്മിൽ നാളെ ഏറ്റുമുട്ടുമ്പോൾ നമ്മൾ കാണികൾക്ക് ഒരു ജന്റിൽമെന്സ് ഗെയിം കാണാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈ കളിയിൽ ആരാണോ ജയിക്കുന്നത് അയാൾ ലോക ഒന്നാം നമ്പർ റാങ്കിലേക്ക് ഉയരും എന്ന അഡ്വാന്റേജ് കൂടി ഇത്തവണത്തെ യുഎസ് ഓപ്പൺ ഫൈനലിനുണ്ട്.