ലൈൻ റഫറിയെ പന്ത് കൊണ്ട് അടിച്ച ജ്യോക്കോവിച്ചിനെ യു.എസ് ഓപ്പണിൽ നിന്നു പുറത്താക്കി!!!

- Advertisement -

ഏത് സ്വപ്നങ്ങൾക്കും അപ്പുറം, ഏത് നാടകീയതക്കും അപ്പുറം. ഇത് പോലെ ഒരു റിസൾട്ട് ചിലപ്പോൾ ടെന്നീസ് ഇതിനു മുമ്പോ ശേഷമോ അധികം കാണാൻ ഇടയില്ല. 2020 തിൽ കളിച്ച എല്ലാ കളികളും ജയിച്ച് ഫെഡറർ, നദാൽ എന്നിവരുടെ അഭാവത്തിൽ ഏതാണ്ട് യു.എസ് ഓപ്പൺ ഉറപ്പിച്ചു എത്തിയ നൊവാക് ജ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നിന്നു അയോഗ്യനാക്കപ്പെട്ടു. അവസാന പതിനാറിൽ ഇരുപതാം സീഡ് ആയ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്ക് എതിരെ കളത്തിൽ ഇറങ്ങിയ ജ്യോക്കോവിച്ച് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആണ് തുടങ്ങിയത്.

ഇടക്ക് ബ്രൈക്ക് നേടാനുള്ള അവസരം ആവട്ടെ ജ്യോക്കോവിച്ച് കളഞ്ഞും കുളിച്ചു. ഇടക്ക് ഇടതു തോളിനു സെർബിയൻ താരം ചികിത്സ തേടിയെങ്കിലും അത് വലിയ കുഴപ്പമുള്ളത് ആയിരുന്നില്ല. എന്നാൽ മത്സരം 5-5 ൽ നിൽക്കുമ്പോൾ ജ്യോക്കോവിച്ചിന്റെ സർവീസ് ബുസ്റ്റ ബ്രൈക്ക് ചെയ്തപ്പോൾ ആണ് അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായ കാര്യങ്ങൾ കളത്തിൽ നടക്കുന്നത്. സർവീസ് നഷ്ടമായ ദേഷ്യത്തിൽ കയ്യിലുണ്ടായ പന്ത് പുറത്തേക്ക് അടിക്കുക ആയിരുന്നു നൊവാക്. എന്നാൽ ഈ പന്ത് കൊണ്ടത് ആവട്ടെ ലൈനിൽ നിൽക്കുന്ന റഫറിയുടെ തൊണ്ടയിലും.

ഉടൻ തന്നെ ജ്യോക്കോവിച്ച് പന്ത് കൊണ്ട റഫറിയോട് മാപ്പ് പറഞ്ഞെങ്കിലും മത്സരം നിർത്തി വച്ച ചെയർ അമ്പയർ, മുഖ്യ അധികൃതരും ആയി ചർച്ച തുടങ്ങി. ഒരുപാട് സമയം ആണ് അധികൃതർ ജ്യോക്കോവിച്ചിനു ഒപ്പം കളത്തിൽ ചർച്ച നടത്തിയത്. അബദ്ധത്തിൽ സംഭവിച്ചത് ആണ് സംഗതി എന്ന ജ്യോക്കോവിച്ചിന്റെ വാദങ്ങൾ ഒന്നും അധികൃതർ കണക്കിൽ എടുക്കാതിരുന്നപ്പോൾ ജ്യോക്കോവിച്ച് ബുസ്റ്റയോട് പരാജയം സമ്മതിച്ചു കൈ കൊടുക്കാൻ നിർബന്ധിതനായി. അധികൃതരുടെ തീരുമാനത്തിൽ ജ്യോക്കോവിച്ച് സന്തോഷവാൻ അല്ലായിരുന്നു എന്നു ഉറപ്പ് ആയിരുന്നു എങ്കിലും മത്സരനിയമങ്ങൾ പ്രകാരം താരത്തെ പുറത്താക്കാൻ അധികൃതർ നിർബന്ധിതമായി. 2020 തിൽ ഇത് ആദ്യമായാണ് നൊവാക് ജ്യോക്കോവിച്ച് ഒരു മത്സരം തോൽക്കുന്നത്. ജ്യോക്കോവിച്ച് പുറത്ത് ആയതോടെ ഈ യു.എസ് ഓപ്പണിൽ ഒരു പുതിയ ഗ്രാന്റ് സ്‌ലാം ജേതാവ് പിറക്കും എന്നുറപ്പായി.

Advertisement