അൻസു ഫാത്തി, പയ്യൻ വേറെ ലെവൽ! പട മുന്നിൽ നിന്ന് നയിച്ച് റാമോസ്, വമ്പൻ ജയവുമായി സ്‌പെയിൻ

യുഫേഫ നാഷൻസ് ലീഗിൽ യുക്രൈനു മേൽ വമ്പൻ ജയവുമായി സ്‌പെയിൻ. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയോട് അവസാന നിമിഷം സമനില വഴങ്ങിയ അവർ ഇത്തവണ തങ്ങളുടെ സകല കരുത്തും കാണിച്ചു. ബാഴ്‌സലോണയുടെ 17 കാരൻ മാന്ത്രികബാലൻ അൻസു ഫാത്തിയുടെ സ്വപ്നപ്രകടനം ആണ് സ്‌പെയിൻ ജയത്തിൽ എടുത്ത് നിന്നത്. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഫാത്തിയുടെ വേഗവും ഡ്രിബിളിങ് മികവും യുക്രൈൻ പ്രതിരോധത്തെ വലച്ചു. ഇതിന്റെ ഫലമായിരുന്നു ഫാത്തിയെ വീഴ്‌ത്തിയതിന് സ്പെയിനിന് ലഭിച്ച പെനാൽട്ടി.

മൂന്നാം മിനിറ്റിൽ പെനാൽട്ടി കൃത്യമായി ലക്ഷ്യം കണ്ട ക്യാപ്റ്റൻ റാമോസ് സ്പെയിനിന് മുൻതൂക്കം നൽകി. മത്സരത്തിൽ തുടർന്നും തുടർന്ന് ഫാത്തി, റെഗുലിയണെ, മോറെനോ എന്നിവർ യുക്രൈൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ഇടക്ക് ഫാത്തിയുടെ ഒരു ഓവർ ഹെഡ് കിക്ക് നിർഭാഗ്യം കൊണ്ടാണ് ഗോൾ ആവാതിരുന്നത്. 29 മത്തെ മിനിറ്റിൽ മോറെനോയുടെ ക്രോസിൽ നിന്നു മികച്ച ഒരു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ റാമോസ് സ്പാനിഷ് മുൻതൂക്കം രണ്ടാക്കി ഉയർത്തി. രാജ്യത്തിനു വേണ്ടി റാമോസിന്റെ 23 മത്തെ ഗോൾ ആയിരുന്നു ഇത്.

മുപ്പത്തിരണ്ടാം മിനിറ്റിൽ ആണ് അൻസു ഫാത്തി മാജിക് പിറന്നത്. ബോക്സിനു വെളിയിൽ നിന്നു ഒരു അതുഗ്രൻ അടിയിലൂടെ യുക്രൈൻ വല ഭേദിച്ച ഫാത്തി രാജ്യത്തിനു ആയി തന്റെ ആദ്യ ഗോൾ കുറിച്ചു. രണ്ടാം പകുതിയിൽ 84 മത്തെ മിനിറ്റിൽ പുതിയ മാഞ്ചസ്റ്റർ സിറ്റി താരം ഫെരൻ ടോറസ് ആണ് മത്സരത്തിലെ സ്പാനിഷ് ഗോളടി പൂർത്തിയാക്കിയത്. മത്സരത്തിൽ 70 ശതമാനം സമയം പന്ത് കൈവശം വച്ച സ്‌പെയിൻ, 10 തവണയാണ് യുക്രൈൻ ഗോൾ ലക്ഷ്യം വച്ചത്‌. നേഷൻസ്‌ ലീഗിൽ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ മറികടന്നു വന്ന യുക്രൈൻ നിരാശ നൽകുന്ന പ്രകടനം ആണ് പുറത്ത് എടുത്തത്.