കഴിഞ്ഞ മത്സരത്തിൽ മൂന്നാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ അട്ടിമറിച്ച കാർലോസ് അൽകാരസ് ഗാർഫിയയുടെ പടയോട്ടം തുടരുന്നു. റൗണ്ട് ഓഫ് 16 ൽ ജർമ്മൻ താരം പീറ്ററിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ക്വാട്ടർ ഫൈനലിൽ എത്തിയതോടെ അൽകാരസ് ഓപ്പൺ യുഗത്തിൽ ഗ്രാന്റ് സ്‌ലാം അവസാന എട്ടിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 7 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 13 തവണയാണ് സ്പാനിഷ് യുവ താരം ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 7-5 നു നഷ്ടമായ ശേഷം തിരിച്ചടിച്ച അൽകാരസ് രണ്ടാം സെറ്റ് 6-1 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റ് പീറ്റർ 7-5 നു നേടിയതോടെ അൽകാരസ് സമ്മർദ്ദത്തിലായി. നാലാം സെറ്റിൽ തുടക്കത്തിൽ ബ്രൈക്ക് വഴങ്ങുകയും ചെയ്തു അൽകാരസ്.
എന്നാൽ അവിടെ നിന്നു അപാരമായി കളിച്ച അൽകാരസ് സെറ്റ് 6-2 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഒരു ഗെയിം പോലും എതിരാളിക്ക് നൽകാതെ 6-0 നു നേടിയ അൽകാരസ് ചരിത്രം കുറിച്ചു ക്വാട്ടറിലേക്ക് മുന്നേറി. ക്വാട്ടറിൽ കനേഡിയൻ യുവതാരവും 12 സീഡുമായ ഫെലിക്‌സ് ആഗർ അലിയാസ്മെയാണ് അൽകാരസിന്റെ എതിരാളി. അമേരിക്കൻ താരം ഫ്രാൻസസ് ടിയെഫോയോട് ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷമാണ് ഫെലിക്‌സ് മത്സരം ജയിച്ചത്. 6-2, 7-5, 6-4 എന്ന സ്കോറിന് ആണ് രണ്ടു മുതൽ നാലു വരെയുള്ള സെറ്റുകൾ ഫെലിക്‌സ് ജയിച്ചത്. 24 ഏസുകൾ മത്സരത്തിൽ അടിച്ച ഫെലിക്‌സ് 3 തവണ അമേരിക്കൻ താരത്തെ ബ്രൈക്ക് ചെയ്യുകയും ചെയ്യും. യുവ താരത്തിൽ ആരു ന്യൂയോർക്കിൽ സെമി കളിക്കുമെന്നു കാത്തിരുന്നു കാണാം.