സെമിയിലേക്ക് മുന്നേറി ലൈയ്‌ല ഫെർണാണ്ടസിന്റെ സപ്നകുതിപ്പ്, സെമിയിൽ സബലങ്ക എതിരാളി

20210908 193554

അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന സ്വപ്ന കുതിപ്പുമായി ഇന്നലെ മാത്രം 19 വയസ്സ് തികഞ്ഞ സീഡ് ചെയ്യാത്ത കനേഡിയൻ താരം ലൈയ്‌ല ആനി ഫെർണാണ്ടസ് യു.എസ് ഓപ്പൺ സെമിഫൈനലിൽ. അഞ്ചാം സീഡ് ആയ ഉക്രൈൻ താരം എലീന സ്വിറ്റോലീനയെ ആണ് മുമ്പ് ഒസാക്കയെയും കെർബറിനെയും അട്ടിമറിച്ചു എത്തിയ ഫെർണാണ്ടസ് ക്വാർട്ടർ ഫൈനലിൽ വീഴ്ത്തിയത്. ആദ്യ സെറ്റ് 6-3 നു നേടിയ ഫെർണാണ്ടസിന് മികച്ച തുടക്കം ആണ് മത്സരത്തിൽ ലഭിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചടിച്ച ഉക്രൈൻ താരം 6-3 നു സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. ഇരു താരങ്ങളും മൂന്നാം സെറ്റിൽ ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ കടുത്ത പോരാട്ടം ആണ് നടന്നത് ഒടുവിൽ 7-5 ടൈബ്രേക്കർ ജയിച്ച ഫെർണാണ്ടസ് സ്വപ്ന സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തു.

അതേസമയം ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ എട്ടാം സീഡ് ചെക് റിപ്പബ്ലിക് താരം ബാർബറോ ക്രജികോവയെ വീഴ്ത്തിയ രണ്ടാം സീഡ് ആര്യാന സബലങ്കയാണ് ഫെർണാണ്ടസിന്റെ സെമി ഫൈനലിലെ എതിരാളി. 6-1, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് സബലങ്ക ക്രജികോവയെ ക്വാർട്ടർ ഫൈനലിൽ തകർത്തത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയ സബലങ്ക 4 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന സബലങ്കക്ക് മേലും അട്ടിമറി നേടി ഫൈനലിലേക്ക് മുന്നേറാൻ ആവും ഫെർണാണ്ടസിന്റെ ശ്രമം.

Previous articleറോബി ഫൗളർ ക്ലബ് വിട്ടു, ഈസ്റ്റ് ബംഗാൾ പരിശീലകനായി മുൻ റയൽ മാഡ്രിഡ് യുവ ടീം കോച്ച്
Next articleപരിക്കേറ്റു പിന്മാറി അൽകാരസ്, ആദ്യ ഗ്രാന്റ് സ്‌ലാം സെമി ഉറപ്പിച്ചു ഫെലിക്‌സ്, സെമിയിൽ മെദ്വദേവ് എതിരാളി