യു.എസ് ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് ഡൊമിനിക് തീം. 21 സീഡ് ആയ യുവ താരം അലക്‌സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഓസ്ട്രിയൻ താരം മറികടന്നത്. മത്സരത്തിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത തീം മത്സരത്തിൽ നന്നായി സർവീസുകളും ചെയ്തു. 83 ശതമാനം ആദ്യ സർവീസുകളും ജയം കണ്ടത് തീമിന്റെ ജയത്തിൽ നിർണായകമായി. മത്സരത്തിൽ 11 ഏസുകളും തീം ഉതിർത്തു.
ആദ്യ സെറ്റിൽ അലക്സിനു മേൽ തുടരെ ആക്രമണം അഴിച്ചു വിട്ട തീം സെറ്റ് 6-1 നു നേടി മത്സരത്തിൽ ആധിപത്യം നേടി. തുടർന്ന് രണ്ടാം സെറ്റിലും സമാനമായ മികവ് പുറത്ത് എടുത്ത തീം 6-2 നു സെറ്റ് കയ്യിലാക്കി സെമിഫൈനൽ ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ കുറച്ച് കൂടി പൊരുതുന്ന ഓസ്‌ട്രേലിയൻ താരത്തെ ആണ് മത്സരത്തിൽ കണ്ടത് എന്നാൽ തന്റെ തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ഉറപ്പിച്ച തീം 6-4 നു സെറ്റ് ജയിച്ച് സെമിയിലേക്ക് മുന്നേറി.
സെമിഫൈനലിൽ മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് ആണ് തീമിന്റെ എതിരാളി. കഴിഞ്ഞ യു.എസ് ഓപ്പൺ ഫൈനലിൽ നദാലിന് മുന്നിൽ അഞ്ചു സെറ്റ് പോരാട്ടത്തിൽ കിരീടം കൈവിട്ട മെദ്വദേവിനു എതിരെ സെമിയിൽ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ സമാനമായ നിലക്ക് ജ്യോക്കോവിച്ചിനോട് കൈവിട്ട ഓർമയിൽ ആണ് തീം ഇറങ്ങുക. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന, ജയിക്കാൻ മാത്രം ഇറങ്ങുന്ന ഏറ്റവും മികച്ച രണ്ടു താരങ്ങൾ സെമിയിൽ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറും എന്നുറപ്പാണ്.