യു.എസ് ഓപ്പണിൽ നാലാം സീഡും വിംബിൾഡൺ ജേതാവും ആയ റൊമാനിയയുടെ സിമോണ ഹാലപ്പ് യു.എസ് ഓപ്പണിൽ നിന്നു പുറത്ത്. രണ്ടാം റൗണ്ടിൽ സീഡ് ചെയ്യാത്ത അമേരിക്കൻ യുവതാരം ടെയ്‌ലർ ടൗണ്‍സെന്റ് ആണ് ഹാലപ്പിനെ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-2 വലിയ ആധിപത്യത്തോടെ സ്വന്തമാക്കിയ ഹാലപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു ടൗണ്‍സെന്റ് അടുത്ത രണ്ടു സെറ്റുകളിൽ. രണ്ടാം സെറ്റിൽ ഹാലപ്പിന്റെ സർവീസുകൾ ഒന്നിന് പിറകെ ഭേദിച്ച അമേരിക്കൻ താരം 6-3 നു രണ്ടാം സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ ടൈബ്രേക്കറിൽ 7-6 നു നേടിയ തൗസന്റ് തന്റെ യു.എസ് ഓപ്പൺ പ്രയാണം മൂന്നാം റൗണ്ടിലേക്ക് നേടിയപ്പോൾ ഹാലപ്പിന് മടക്കം.
അതേസമയം 15 കാരിയായ അമേരിക്കൻ താരം കൊക്കോ ഗോഫ് യു.എസ് ഓപ്പണിൽ തന്റെ സ്വപ്നകുതിപ്പ് തുടരുന്നു. തിമേയ ബാബോസിനെ 3 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന യുവതാരം മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-2 നേടിയ ഗോഫ് രണ്ടാം സെറ്റ് 6-4 നു കൈവിട്ടെങ്കിലും മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചു വന്നു. 6-4 നു മൂന്നാം സെറ്റും മത്സരവും ഗോഫിന് സ്വന്തം. കാനഡയുടെ 19 കാരി ബിയാങ്ക ആന്ദ്രീസുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 15 സീഡ് ആയ ബിയാങ്ക ബെൽജിയത്തിന്റെ ക്രിസ്ത്യൻ ഫ്ലിപ്കെനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. സ്‌കോർ 6-3,7-5.