ഇന്ത്യൻ താരം സുമിത് നഗാലിനെ തകർത്തു ജന്മദിനം ആഘോഷിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി തീം

- Advertisement -

യു.എസ് ഓപ്പണിൽ ഇന്ത്യൻ സ്വപ്നങ്ങൾക്ക് അവസാനം. ആർതർ ആഷെയിൽ കഴിഞ്ഞ വർഷത്തെ സ്വപ്ന പ്രകടനത്തിന്റെ ഓർമ്മയിൽ കളത്തിലിറങ്ങിയ സുമിത് നഗാലിനെതിരെ മിന്നും ഫോമിലായിരുന്നു രണ്ടാം സീഡ് ഡൊമനിക് തീം. നേരിട്ടുള്ള സെറ്റുകൾക്ക് ഇന്ത്യൻ താരത്തെ മറികടന്ന തീം ജന്മദിനം ഗംഭീരമാക്കി. ആദ്യ 2 സെറ്റുകളിലും തീമിന്റെ സർവീസ് ബ്രൈക്ക് ചെയ്യാൻ നഗാലിന് ആയെങ്കിലും നഗാലിനെ ഒന്നിലധികം തവണ ബ്രൈക്ക് ചെയ്ത തീം 6-3, 6-3 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ സ്വന്തമാക്കി.

മൂന്നാം സെറ്റിൽ കൂടുതൽ മികവിലേക്ക് ഉയർന്ന തീം സർവീസ് നഷ്ടമാക്കാതെ 6-2 നു സെറ്റ് നേടി ഏതാണ്ട് 2 മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കി. നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റെങ്കിലും മികച്ച പോരാട്ടവീര്യവും മികവും നഗാൽ മത്സരത്തിൽ പുലർത്തി എന്നതാണ് വാസ്തവം. രണ്ടാം റൗണ്ടിൽ എത്തിയതിനാൽ തന്നെ ഏതാണ്ട് 74 ലക്ഷം രൂപയാണ് നഗാലിന് സമ്മാനത്തുക ആയി ലഭിക്കുക. മൂന്നാം റൗണ്ടിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവായ ക്രൊയേഷ്യൻ ഇതിഹാസം മാരിൻ സിലിച്ച് ആണ് തീമിന്റെ എതിരാളി. റഷ്യൻ താരം നോർബർട്ട് ഗോമ്പോസിനെ നാലു സെറ്റ് നീണ്ട മത്സരത്തിൽ കീഴടക്കിയാണ് സിലിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. 17 ഏസുകൾ മത്സരത്തിൽ ഉതിർത്ത സിലിച്ച് 6-3, 1-6, 7-6, 7-5 എന്ന സ്കോറിന് ആണ് ജയം കണ്ടത്.

Advertisement