യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആറാം സീഡ് ആര്യാന സബലങ്ക. ആദ്യ സെറ്റ് 6-3 നു കൈവിട്ട ശേഷമാണ് സബലങ്ക തിരിച്ചു വന്നു നാലാം റൗണ്ടിൽ ജയം കണ്ടത്. രണ്ടും മൂന്നും സെറ്റുകൾ 6-3, 6-2 എന്ന സ്കോറിന് സബലങ്ക ജയിക്കുക ആയിരുന്നു. 8 ഏസുകൾ മത്സരത്തിൽ ഉതിർത്ത സബലങ്ക ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. തുടർച്ചയായ രണ്ടാം യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലും കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലും ആണ് സബലങ്കക്ക് ഇത്.
ക്വാർട്ടർ ഫൈനലിൽ മൂന്നു തവണ ഫൈനൽ കളിച്ച 26 സീഡ് വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു വരുന്ന 22 സീഡ് കരോളിന പ്ലിസ്കോവയാണ് സബലങ്കയുടെ എതിരാളി. മുൻ ലോക ഒന്നാം നമ്പർ താരങ്ങളുടെ പോരാട്ടം 3 മണിക്കൂറിൽ ഏറെ നീണ്ടു. ആദ്യ സെറ്റ് 7-5 നു 2016 ലെ യു.എസ് ഓപ്പൺ ഫൈനലിസ്റ്റ് കൂടിയായ പ്ലിസ്കോവ നേടി. രണ്ടാം സെറ്റിൽ 5 സെറ്റ് പോയിന്റുകൾ രക്ഷിച്ചു എങ്കിലും ടൈബ്രൈക്കറിൽ സെറ്റ് അസരങ്ക നേടി. എന്നാൽ മൂന്നാം സെറ്റ് 6-2 നു നേടി പ്ലിസ്കോവ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. കരിയറിലെ പത്താം ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ് ചെക് താരത്തിന് ഇത്.