മുൻ യു.എസ് ഓപ്പൺ ജേതാവ് അമേരിക്കൻ താരവും 11 സീഡുമായ സ്ലൊനെ സ്റ്റീഫൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് റഷ്യൻ യുവ താരവും സീഡ് ചെയ്യാത്ത താരവുമായ അന്ന കലിൻസ്കയാ യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്റ്റീഫൻസിനൊപ്പം എല്ലാ നിലക്കും എത്തിയ അന്ന ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും സ്വന്തമാക്കിയാണ് മത്സരം സ്വന്തമാക്കിയത്. 2 മണിക്കൂറിൽ ഏറെ നീണ്ട ബെലാറസ് താരങ്ങളുടെ വാശിയേറിയ പോരാട്ടത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് വിക്ടോറിയ അസരങ്കയെ തോൽപ്പിച്ച് അര്യന സബലെങ്ക യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ കടന്നു. മൂന്നു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നായിരുന്നു 9 സീഡായ സബലെങ്കയുടെ ജയം. സ്‌കോർ 3-6,6-3,6-4. അതേസമയം അമേരിക്കൻ താരം നിക്കോള ഗിബ്സിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് റൊമാനിയൻ താരവും വിംബിൾഡൺ ജേതാവും ആയ നാലാം സീഡ് ആയ സിമോണ ഹാലപ്പ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ആദ്യ സെറ്റ് 6-3 നു നേടിയ ഹാലപ്പിന് എതിരെ രണ്ടാം സെറ്റ് 6-3 നു നേടി ഗിബ്‌സ് തിരിച്ച് വന്നു. എന്നാൽ 6-2 നു മൂന്നാം സെറ്റ് സ്വന്തമാക്കി ഹാലപ്പ് മത്സരം സ്വന്തം പേരിൽ കുറിച്ചു.
ചൈനീസ് താരം സീഡ് ചെയ്യാത്ത വാങ് യഫാനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചു വന്നു മുൻ ലോക ഒന്നാം നമ്പർ താരം കരോളിന വോസിനിയാക്കി. ആദ്യ സെറ്റ് 6-1 നു നഷ്ടപ്പെട്ട വോസിനിയാക്കി രണ്ടാം സെറ്റ് 7-5 നും മൂന്നാം സെറ്റ് 6-3 നേടി മത്സരം സ്വന്തമാക്കി. ജില്ലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച 25 സീഡ് ജർമ്മൻ താരം എലീസ മെർട്ടൻസും യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. അതേസമയം 31 സീഡ് ബാർബോറ സ്റ്റെറയ്കോവയെ സ്പാനിഷ് താരം അലിയോന 3 സെറ്റ് പോരാട്ടത്തിനോടുവിൽ അട്ടിമറിച്ചു. 28 സീഡ് സ്പാനിഷ് താരം കാർള സുവാരസ് നവാരോ ഹംഗേറിയൻ താരം തിമേയ ബാബോസിനെതിരെ പരിക്കേറ്റു പിന്മാറി. ആദ്യ സെറ്റ് തോറ്റ ശേഷമാണ് സ്പാനിഷ് താരത്തിന്റെ പിന്മാറ്റം. അതേസമയം പിന്നിൽ നിന്ന ശേഷം റഷ്യൻ താരം അനസ്ഥാശിഷ പോട്ടപോവയെ മറികടന്ന യുവ അമേരിക്കൻ താരം കൊക്കോ ഗോഫ് തന്റെ യു.എസ് ഓപ്പൺ പ്രയാണം രണ്ടാം റൗണ്ടിലേക്ക് നീട്ടി. സ്‌കോർ 3-6,6-2,6-4. രണ്ടാം റൗണ്ടിൽ തിമേയ ബബോസ് ആണ് 15 വയസ്സുകാരിയായ ഗോഫിന്റെ എതിരാളി.