യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡും ചെക് താരവും ആയ പെട്ര ക്വിറ്റോവ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെസിക്ക പെഗുളക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്വിറ്റോവ ജയം കണ്ടത്. സർവീസിൽ പ്രശ്നങ്ങൾ നേരിട്ട ചെക് താരം 5 ഇരട്ടപ്പിഴവുകൾ വരുത്തിയപ്പോൾ 2 തവണ ബ്രൈക്കും വഴങ്ങി, എന്നാൽ എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത പെട്ര 6-4, 6-3 എന്ന സ്കോറിന് മത്സരം സ്വന്തം പേരിലാക്കി.
അതേസമയം അമേരിക്കൻ യുവതാരം ആൻ ലിയെ ആണ് പതിനേഴാം സീഡും മുൻ ജേതാവും ആയ ആഞ്ചലിക്ക കെർബർ മറികടന്നത്. ആദ്യ സർവിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ കെർബർ ലിയുടെ പരിചയക്കുറവ് നന്നായി മുതലാക്കി. മികച്ച ആദ്യ സർവീസുകളും ആയി കളം നിറഞ്ഞ കെർബർ 6-3, 6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ആദ്യ സീഡ് കരോളിന പ്ലിസ്കോവയെ അട്ടിമറിച്ച് എത്തിയ മുപ്പത്തി രണ്ടാം സീഡ് ഫ്രഞ്ച് താരം കരോളിന ഗാർസിയയെ തോൽപ്പിച്ച് ഇരുപത്തി എട്ടാം സീഡ് അമേരിക്കയുടെ ജെന്നിഫർ ബ്രോഡിയും നാലാം റൗണ്ടിലേക്ക് മുന്നേറി. 6-3, 6-3 എന്ന സ്കോറിന് ആണ് ബ്രോഡി ജയം കണ്ടത്.