രണ്ടാം സീഡും പുറത്ത്

വനിതകളിൽ ഒന്നാം സീഡ് ഹാലെപ്പിന് പുറകെ രണ്ടാം സീഡ് ഡെന്മാർക്കിന്റ കരോലിൻ വോസ്നിയാക്കിയും യുഎസ് ഓപ്പൺ ടെന്നീസിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത സുറെങ്കോയാണ് നേരിട്ടുള്ള സെറ്റുകളിൽ രണ്ടാം സീഡിനെ അട്ടിമറിച്ചത്. സ്‌കോർ : 6-4,6-2. മറ്റു മത്സരങ്ങളിൽ മരിയ ഷറപ്പോവ, ഒസ്റ്റാപെങ്കൊ, മഡിസൺ കീസ്, സുവാരസ് നവാരോ, സിനൈകോവ എന്നിവർ മുന്നേറി.

പുരുഷന്മാരുടെ വിഭാഗത്തിൽ പ്രമുഖ സീഡുകൾ എല്ലാവരും തന്നെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വിംബിൾഡൺ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് മൂന്നാം സെറ്റ് അടിയറ വച്ചെങ്കിലും നാലാം സെറ്റ് അനായാസം നേടി മൂന്നാം റൌണ്ട് ഉറപ്പാക്കി. റോജർ ഫെഡറർ, നിക് കൈരഗൂയിസ്, മരിയൻ സിലിച്ച്, ഡേവിഡ് ഗോഫിൻ, റിച്ചാർഡ് ഗാസ്‌കെ എന്നിവരെല്ലാം മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്നു ബൊപ്പണ്ണ അടങ്ങിയ സഖ്യം പുറത്തായി.

ആന്റി മറെ പുറത്ത്

പരിക്കിന്റെ ഇടവേളക്ക് ശേഷം ഈയിടെ മാത്രം കോർട്ടിലേക്ക് മടങ്ങിയെത്തിയ മുൻ ഒന്നാം നമ്പർ താരം ആന്റി മറെ യുഎസ് ഓപ്പണിൽ നിന്ന് പുറത്തായി. സ്‌പെയിനിന്റെ ഫെർണാണ്ടോ വേർദാസ്‌കോയാണ് മറെക്ക് മടക്ക ടിക്കറ്റ് നൽകിയത്. സ്‌കോർ 7-5, 2-6,6-4,6-4. മറ്റു മത്സരങ്ങളിൽ മുൻ ചാമ്പ്യനായ അർജന്റീനയുടെ ഡെൽപോട്രോ നേരിട്ടുള്ള സെറ്റുകളിൽ കുഡ്‌ലയെ തകർത്ത് മുന്നേറി.

സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ, ജോണ് ഇസ്‌നർ, ഷാപോവലോവ്, കാഞ്ചനോവ്, ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ റാഫേൽ നദാൽ എന്നീ പ്രമുഖർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

വനിതാ വിഭാഗത്തിൽ ഗ്രാൻഡ്സ്ലാം വിജയങ്ങളിൽ പുതിയ ഉയരങ്ങൾ തേടുന്ന അമേരിക്കയുടെ സെറീന വില്ല്യംസ് മൂന്നാം റൗണ്ടിൽ കടന്നു. മറ്റുമത്സരങ്ങളിൽ സ്ട്രൈക്കോവ, മക്കറോവ, ഹാലെപ്പിനെ അട്ടിമറിച്ച കനേപ്പി എന്നിവരും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്.

കോർട്ടിലെ വസ്ത്രം മാറൽ, യുഎസ് ഓപ്പൺ അധികൃതർ മാപ്പ് പറഞ്ഞു

ഫ്രഞ്ച് വനിതാ താരം അലീസെ കോർനെറ്റിന് കോർട്ട് വാർണിങ് കൊടുത്ത സംഭവം വിവാദമായതോടെ യുഎസ് ഓപ്പൺ ടെന്നീസ് അധികൃതർ മാപ്പ് പറഞ്ഞു. ചൂട് അധികമുള്ള കാരണം രണ്ടാം സെറ്റിനും മൂന്നാം സെറ്റിനും ഇടയ്ക്കുള്ള പത്ത് മിനിറ്റ് ഹീറ്റ് ബ്രേക്കിന് ശേഷം അറിയാതെ വസ്ത്രം തിരിച്ചിട്ട് കളിക്കാൻ ഇറങ്ങിയ അലീസെ അബദ്ധം മനസ്സിലാക്കിയ ശേഷം കോർട്ടിൽ നിന്നുതന്നെ വസ്ത്രം ഊരി ശരിയാക്കി ഇട്ടപ്പോൾ ചെയർ അമ്പയർ താക്കീത് നൽകുകയായിരുന്നു. ഇതാണ് വിവാദത്തിലേക്ക് വഴിവച്ചത്.

കോർട്ടിൽ വസ്ത്രം മാറുന്ന പുരുഷന്മാർക്ക് ഇല്ലാത്ത എന്ത് വാർണിങ് ആണ് സ്ത്രീകൾക്ക് എന്ന രീതിയിൽ ശക്തമായ പ്രതിഷേധവുമായി ആന്റി മറെയുടെ അമ്മയും മുൻ ടെന്നീസ് കോച്ചുമായ ജൂഡി മറെ രംഗത്തെത്തിയിരുന്നു. എന്നാൽ വാർണിങ് മാത്രമാണെന്നും ഫൈനോ, പെനാൽറ്റിയോ ഒന്നും ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടില്ല എന്നാണ് യുഎസ് ഓപ്പൺ അധികൃതർ ഉന്നയിച്ച വാദം. വനിതാ ടെന്നീസ് അസോസിയേഷൻ ഇതിനെ അനീതിയെന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. മത്സരത്തിൽ അലീസെ ആദ്യ സെറ്റ് നേടിയ ശേഷം പരാജയപ്പെട്ടിരുന്നു.

ആദ്യ റൗണ്ടില്‍ പുറത്തായി യൂക്കി ബാംബ്രി

യുഎസ് ഓപ്പണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയ ഇന്ത്യന്‍ താരം യൂക്കി ബാംബ്രിയ്ക്ക് യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയം. ലോക 75ാം നമ്പര്‍ താരം ഫ്രാന്‍സിന്റെ പിയറി ഹെര്‍ബര്‍ട്ടിനോട് നേരിട്ടുള്ള സെറ്റുകളിലാണ് യൂക്കിയുടെ പരാജയം. ആദ്യ സെറ്റില്‍ അനായാസം കീഴടങ്ങിയ ശേഷം പിന്നീടുള്ള സെറ്റുകളില്‍ പൊരുതി നോക്കിയെങ്കിലും യൂക്കിയ്ക്ക് ഒരു സെറ്റ് പോലും നേടാനായില്ല.

സ്കോര്‍: 3-6, 6-7, 5-7

ഒന്നാം സീഡ് ഹാലെപ് പുറത്ത്

വർഷത്തിലെ അവസാന ഗ്രാൻഡ്സ്ലാം ടൂര്ണമെന്റായ യുഎസ് ഓപ്പണ് അട്ടിമറിയോടെ തുടക്കം. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ സിമോണ ഹാലെപ് ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി. കായ് കനേപ്പിയാണ് 6-2,6-4 എന്ന സ്കോറിന് സിമോണയെ അട്ടിമറിച്ചത്. മറ്റുമത്സരങ്ങളിൽ വില്ല്യംസ് സഹോദരിമാർ, സ്റ്റീഫൻസ്‌, അസരങ്ക, സ്വിറ്റോലിന, പ്ലിസ്‌കോവ, മുഗുരുസ എന്നിവർ ജയിച്ചു

പുരുഷ വിഭാഗത്തിൽ സ്റ്റാൻ വാവ്‌റിങ്ക എട്ടാം സീഡായ ഗ്രിഗോർ ദിമിത്രോവിനെ ആദ്യ റൗണ്ടിൽ ഒരിക്കൽ കൂടെ അട്ടിമറിച്ചു. ഇക്കൊല്ലത്തെ വിംബിൾഡൺ ടൂർണമെന്റിലും വാവ്‌റിങ്ക ദിമിത്രോവിനെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയിരുന്നു. 2016 ലെ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് സ്റ്റാൻ.

തന്റെ അവസാന ടൂർണമെന്റ് കളിക്കുന്ന ഡേവിഡ് ഫെററർ ഒന്നാം സീഡ് നദാലുമായുള്ള മത്സരത്തിനിടെ പരിക്ക് മൂലം പിന്മാറി. മറ്റുമത്സരങ്ങളിൽ ഡെൽപോട്രോ, ആന്റി മറെ, ഇസ്‌നർ, റയോനിച്ച്, ഷാപവലോവ്, ആൻഡേഴ്‌സൻ, ഡൊമിനിക് തിം മുതലായ പ്രമുഖർ ജയത്തോടെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

Exit mobile version