വീണ്ടുമൊരു പുതിയ ചാമ്പ്യൻ അവതരിക്കുമോ യു.എസ് ഓപ്പൺ വനിത വിഭാഗത്തിൽ?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പുരുഷവിഭാഗത്തിൽ ചരിത്രം കണ്ട എക്കാലത്തെയും മഹത്തായ 3 ടെന്നീസ് താരങ്ങളുടെ പൂർണ ആധിപത്യം കാണുമ്പോൾ വനിതാവിഭാഗം അതിൽ നിന്ന് തീർത്തും വ്യത്യസ്തമാണു. ഓരോ ഗ്രാന്റ്‌ സ്‌ലാമിലും പുതിയ ജേതാക്കളെ സമ്മാനിക്കുന്ന ആരും സമ്പൂർണ ആധിപത്യം നേടാത്ത രീതി. സെറീന വില്യംസിന്റെ സമഗ്രാധിപത്യം പലപ്പോഴും വിരസമാക്കിയ വനിത ടെന്നീസിൽ ഈ അടുത്ത വർഷങ്ങളിൽ നടക്കുന്നത് ഒരുതരം വിപ്ലവം തന്നെയാണ്. ഈ കഴിഞ്ഞ 4 യു.എസ് ഓപ്പണിലും ജേതാക്കൾ ആയ 3 താരങ്ങളും തങ്ങളുടെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം ആയിരുന്നു യു.എസ് ഓപ്പണിലൂടെ ഉയർത്തിയത്. ഫ്ലാവിയ പെനേറ്റ, സ്ലൊനെ സ്റ്റീഫൻസ്, നയോമി ഒസാക്ക എന്നിവരായിരുന്നു അവർ. ഈ കാലയളവിൽ യു.എസ് ഓപ്പൺ ജയിച്ച ആഞ്ചലിക്ക കെർബർക്ക് ആവട്ടെ അത് അവരുടെ രണ്ടാമത്തെ മാത്രം ഗ്രാന്റ്‌ സ്‌ലാം കിരീടവും. അതിനാൽ തന്നെ പുതിയ ചാമ്പ്യൻമാർ കിരീടം ഉയർത്തുന്നത് സ്ഥിരകാഴ്ചയായ ടെന്നീസിൽ ഈ യു.എസ് ഓപ്പണിലും ഒരു പുതിയ ചാമ്പ്യൻ ഉണ്ടാവും എന്നു കരുതുന്നവർ തന്നെയാണ് അധികവും.

ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നിലവിലെ ജേതാവ് നയോമി ഒസാക്ക തന്റെ മൂന്നാം ഗ്രാന്റ്‌ സ്‌ലാം തേടിയാവും യു.എസ് ഓപ്പണിൽ ഇറങ്ങുക. കഴിഞ്ഞ വർഷം സെറീന വില്യംസിനെ തോൽപ്പിച്ച് ലോകത്തെ ഞെട്ടിച്ച ഒസാക്ക പക്ഷെ ഈ വർഷം ആദ്യ റൗണ്ടുകളിൽ തന്നെ ഫ്രഞ്ച്‌, വിംബിൾഡൺ ഓപ്പണുകളിൽ വീണു. സമ്മർദ്ദങ്ങൾ ഒസാക്കയുടെ കളിയെ ബാധിക്കുന്നു എന്ന ആരോപണം ഇത്തരത്തിൽ ശക്തമാണ്. ചെറുതായി പരിക്ക് അലട്ടുന്ന ഒസാക്കയുടെ ആദ്യറൗണ്ടിലെ എതിരാളി അന്ന ബ്ലിൻകോവയാണ്. ഒസാക്ക ഫൈനലിൽ എത്താൻ സാധ്യത കൽപ്പിക്കുന്ന ഈ ക്വാട്ടറിലുള്ള രണ്ട് തവണ യു.എസ് ഓപ്പൺ ഫൈനൽ കളിച്ച ബെലാറസ് താരം വിക്ടോറിയ അസരങ്കക്ക് പക്ഷെ ആദ്യ റൗണ്ട് കടക്കും. ഇപ്പോൾ 41 റാങ്കുകാരിയായ അസരങ്കയുടെ ആദ്യറൗണ്ടിലെ എതിരാളി 9 സീഡും നാട്ടുകാരിയും കൂടിയായ അര്യന സബലെങ്കയാണു. കിക്കി ബെർട്ടൻസ്, കാർലോ സുവാരസ് നവാരോ, ജൂലിയ ഗോർജസ് എന്നിവർ അടങ്ങിയ ക്വാട്ടറിൽ ആരാധകരുടെ മുഴുവൻ ശ്രദ്ധയും ഒസാക്ക കഴിഞ്ഞാൽ കൊക്കോ ഗോഫിൽ ആവും. പുതിയ ടെന്നീസ് വിസ്മയമായി അറിയപ്പെടുന്ന വെറും 15 കാരിയായ ഗോഫ് കഴിഞ്ഞ വിംബിൾഡനിൽ വീനസ് വില്യംസിനെ അടക്കം അട്ടിമറിച്ച തന്റെ സ്വപ്നപ്രകടനം നാട്ടുകാർക്ക് മുന്നിൽ എടുക്കാനുള്ള ഒരുക്കത്തിൽ ആണ്. സമ്മർദ്ദം അതിജീവിക്കാൻ ഒസാക്കക്ക് ആയാൽ സെമിഫൈനൽ പ്രേവേശനം ജപ്പാൻ താരത്തിന് അത്ര പ്രയാസം ആകില്ല.

നിലവിലെ വിംബിൾഡൺ ജേതാവും നാലാം സീഡുമായ റൊമാനിയൻ താരം സിമോണ ഹാലപ്പിന് സെമിഫൈനൽ പ്രേവേശനം ഒട്ടും എളുപ്പമാകില്ല എന്നുറപ്പാണ്. സിൻസിനാറ്റി ഓപ്പണിൽ പരിക്ക് മൂലം മത്സരത്തിൽ നിന്നു പിന്മാറിയ ഹാലപ്പിന്റെ ആദ്യ റൗണ്ട് എതിരാളി കാൻസർ അതിജീവിച്ച് ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ അമേരിക്കൻ താരം നിക്കോള ഗിബ്സ് ആണ്. ചെക് താരങ്ങളുടെ പോരാട്ടത്തിൽ 6 സീഡ് പെട്ര ക്വിവിറ്റോവയുടെ എതിരാളി ഡെന്നിസ അലെർറ്റോവയാണ്. പൂർണമായും ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത താരത്തിനു കടുത്ത വെല്ലുവിളി ആകും നാട്ടുകാരി ഉയർത്തുക. മുൻ യു.എസ് ഓപ്പൺ ജേതാക്കൾ ആയ സ്ലൊനെ സ്റ്റീഫൻസ്, സെവറ്റ്ലാന കുസെനെറ്റ്സോവ രണ്ട് തവണ യു.എസ് ഓപ്പൺ ഫൈനൽ കളിച്ച മുൻ ഗ്രാന്റ്‌ സ്‌ലാം ജേതാവ് കരോളിന വോസ്നിയാക്കി, മുൻ ഫ്രഞ്ച്‌ ഓപ്പൺ ജേതാവ് സ്പാനിഷ് താരം മുഗുരേസ, അപകടകാരിയായ യെലേന ഒസ്റ്റപെങ്കോ എന്നിവർ ഉൾപ്പെടുന്ന ക്വാട്ടറിൽ ഹാലപ്പിനെ കൂടാതെ സെമിഫൈനലിൽ എത്താൻ വലിയ സാധ്യത കൽപ്പിക്കുന്നത് യുവതാരം ബിയാങ്ക ആന്ദ്രീസുവിനാണ്. ഈ കഴിഞ്ഞ ടോറന്റോ ഓപ്പണിൽ കിരീടം ഉയർത്തിയ ബിയാങ്ക അപകടകാരിയാണ്.

മുൻ ഗ്രാന്റ്‌ സ്ലാം ജേതാക്കൾ ആയ വീനസ് വില്യംസ്‌, സാം സോസർ എന്നിവർ ഉൾപ്പെട്ട ക്വാട്ടറിൽ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യം വച്ചിറങ്ങുന്ന താരങ്ങൾ നിരവധിയാണ്. മൂന്നാം സീഡ് കരോളിന പ്ലിസ്‌കോവ 2016 ലെ യു.എസ് ഓപ്പൺ ഫൈനലിൽ ഏറ്റതോൽവി മറക്കാനുള്ള പ്രകടനം ആവും ഇത്തവണ ലക്ഷ്യം വക്കുക. ആദ്യ മത്സരത്തിൽ തെരെസ മാർട്ടിൻകോവയെ നേരിടുന്ന പ്ലിസ്‌കോവക്ക് മൂന്നാം റൗണ്ടിൽ കരോളിൻ ഗാർസിയയിൽ നിന്ന് വലിയ വെല്ലുവിളി നേരിട്ടേക്കും. പലരും പ്ലിസ്‌കോവക്കെയാൾ സെമിഫൈനൽ സാധ്യത കൽപ്പിക്കുന്നത് അമേരിക്കൻ താരം മാഡിസൺ കീയ്സിനാണ്. സിൻസിനാറ്റി ഓപ്പൻ ജയിച്ച ആത്മവിശ്വാസത്തിലാണ് കീയ്സ്. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം കിരീടം ലക്ഷ്യമിടുന്ന കീയ്സിന്റെ ആദ്യ റൗണ്ടിലെ എതിരാളി മിസോക്കി ഡോയാണ്. അവസാനം പരസ്പരം ഏറ്റുമുട്ടിയ മത്സരത്തിൽ കീയ്സിനെ തോൽപ്പിച്ച മിസോക്കി അപകടകാരിയാണ്. ഇവരെ കൂടാതെ വിംബിൾഡൺ സെമിഫൈനൽ കളിച്ച അഞ്ചാം സീഡ് എലീന സ്ലിവിറ്റോലിന ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ കളിച്ച ബ്രിട്ടീഷ് താരം യോഹാന കോന്റ എന്നിവരും സെമിഫൈനലിന് അവകാശവാദം ഉന്നയിക്കാൻ പൊന്നവർ ആണ്. എന്നാൽ കീയ്‌സ്, പ്ലിസ്‌കോവ എന്നിവർക്ക് തന്നെയാണ് കൂടുതൽ സാധ്യതകളും.

തന്റെ റെക്കോർഡ് 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ജയം ലക്ഷ്യമിടുന്ന സെറീന വില്യംസും രണ്ടാം സീഡും ഫ്രഞ്ച്‌ ഓപ്പൺ ജേതാവുമായ ഓസ്‌ട്രേലിയൻ താരം ആഷ്ലി ബാർട്ടിയും ഉൾപ്പെട്ട ക്വാട്ടറിൽ ആദ്യറൗണ്ടിനെ തന്നെ കാത്തിരിക്കുന്നത് സ്വപ്നസമാനമായ മത്സരമാണ്. വർഷങ്ങൾക്ക് ശേഷം സെറീന വില്യംസ്‌ മരിയ ഷറപ്പോവയെ നേരിടുമ്പോൾ അത് ഭൂതകാലത്തെ ഓർമ്മിപ്പിക്കും. 2006 ലെ യു.എസ് ഓപ്പൺ ജേതാവ് ആയ ഷറപ്പോവക്ക് പക്ഷെ കഴിഞ്ഞ 14 വർഷമായി സെറീനക്കു എതിരെ ജയം കാണാൻ ആയിട്ടില്ല. അതിനാൽ തന്നെ അനായാസമായ ആദ്യ റൗണ്ട് ആവും സെറീന വില്യംസ്‌ പ്രതീക്ഷിക്കുക. അതോടൊപ്പം മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആഞ്ചലിക്ക കെർബറും ക്രിസ്റ്റീന മാൾഡനോവിച്ചും തമ്മിലുള്ള മത്സരവും മികച്ച പോരാട്ടമാവും സമ്മാനിക്കുക. എന്നാൽ ഈ വർഷം മികച്ച ഫോമിൽ ഉള്ള ആഷ്ലി ബാർട്ടിക്ക് തന്നെയാണ് സെമിഫൈനലിൽ എത്താൻ പലരും സെറീനയെക്കാൾ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ റാങ്കിംഗിനപ്പുറമാണ് താനെന്നു വിംബിൾഡൺ ഫൈനലിൽ എത്തി തെളിയിച്ച സെറീനയെ എഴുതി തള്ളാൻ ആവില്ല. ബാർട്ടിക്കോ, സെറീനക്കോ വെല്ലുവിളി ഉയർത്താൻ പറ്റാത്ത താരങ്ങൾ അധികം ഒന്നുമില്ലെന്ന്‌ പറയാവുന്ന ഗ്രൂപ്പിൽ കെർബർക്കോ കഴിഞ്ഞ വർഷം യു.എസ് ഓപ്പൺ സെമിഫൈനൽ കളിച്ച അനസ്ഥാജ സെവസ്റ്റോവാക്കോ വല്ലതും ചെയ്യാൻ ആവുമോ എന്നു കണ്ടറിയണം. 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ഉയർത്താൻ സെറീനക്കു ആവുമോ അല്ല ഒസാക്കയെ പോലെ പരിചിതമുഖങ്ങൾ കിരീടം ഉയർത്തുമോ ഇനി അതുമല്ല പുതിയൊരു ചാമ്പ്യൻ യു.എസ് ഓപ്പണിൽ മുത്തമിടുമോ എന്നൊക്കെ കാത്തിരുന്നു തന്നെ കാണാം.