വംശീയതക്ക് എതിരെ കായിക ലോകത്തിന്റെ ശബ്ദമായി നയോമി ഒസാക്ക!

യു.എസ് ഓപ്പണിൽ ആദ്യ മത്സരത്തിൽ മാസ്കിൽ ഒരു പേര് പ്രിന്റ് ചെയ്തു വന്നു ജപ്പാൻകാരി ആണെങ്കിലും എല്ലാ അർത്ഥത്തിലും അമേരിക്കകാരി തന്നെയായ ഒസാക്ക ഒരു പ്രഖ്യാപനം നടത്തി. യു.എസ് ഓപ്പണിൽ താൻ കളിക്കാൻ ഇറങ്ങുന്നത്, ജയിക്കും വരെ 7 മത്സരങ്ങൾ കളിക്കുമെങ്കിൽ ഓരോ ദിവസവും മാസ്കിൽ ഒരു പേരുമായി ആയിരിക്കും താൻ എത്തുക എന്ന്. ആ പേരുകൾ പോലീസ് അതിക്രമത്തിന്, വംശീയ അധിക്ഷേപത്തിനു, എല്ലാ തലത്തിലും ‘സിസ്റ്റമാറ്റിക് റേസിസം’ എന്നു തന്നെ വിളിക്കാവുന്ന ഇൻസ്റ്റിറ്റൂഷണൽ വംശീയ അധിക്ഷേപങ്ങൾക്ക് വിധേയരായ, കൊല്ലപ്പെട്ട 7 പേരുകൾ. ബ്രെയോണ ടൈലറും, ജോർജ് ഫ്ലോയിഡും മുതൽ താമിർ റൈസ് വരെയുള്ളവർ. സെമിഫൈനലിന് ശേഷം അവരുടെ അമ്മമാരിൽ ചിലർ ഒസാക്കക്ക് നന്ദി പറഞ്ഞു വീഡിയോ ചെയ്തപ്പോൾ അത് കണ്ടു കണ്ണീർ വാർക്കുന്ന ഒസാക്കയെയും ലോകം കണ്ടു. ‘നിങ്ങൾ ഈ പ്രവർത്തി കൊണ്ട് എന്ത് സന്ദേശം ആണ് നൽകുന്നത്?’ എന്നു ഫൈനൽ മത്സരശേഷം അവതാരകൻ ചോദിച്ചപ്പോൾ ‘എന്ത് സന്ദേശം ആണ് നിങ്ങൾക്ക് ലഭിച്ചത്’ എന്നു തിരിച്ചു ചോദിച്ചാണ് തനിക്ക് പറയാനുള്ളത് താൻ പ്രവർത്തിയിലൂടെ വ്യക്തമാക്കി എന്നു ഒസാക്ക പറഞ്ഞത്.

യു.എസ് ഓപ്പണിന് മുമ്പ് നടന്ന സിൻസിനാറ്റി ഓപ്പണിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് താൻ കളിക്കാൻ ഇല്ല എന്നു പ്രഖ്യാപിച്ച ആൾ ആണ് ഒസാക്ക. താൻ ടെന്നീസ് കളിക്കുന്നത് കാണുന്നതിനും പ്രധാനം മറ്റ് കാര്യങ്ങൾക്ക് ഉണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച ആളാണ് ഒസാക്ക എന്ന ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരം എന്നറിയുക. 22 വയസ്സ് ആണ് ഒസാക്കക്ക്, വംശീയത പരസ്യമായി വ്യക്തമാക്കുന്ന, ഫേസ് ക്രീമുകകളുടെ പരസ്യങ്ങൾ അഭിനയിച്ച് കാശ് വാരുന്ന, ജാതി പരസ്യമായി സാമൂഹിക മാധ്യമങ്ങളിൽ പ്രകടമാക്കി താൻ അതിൽ അഭിമാനിക്കുന്നു എന്നു പറയുന്ന സാമൂഹികമായി ഒരു ഉത്തരവാദിത്വവും കാണിക്കാത്ത സൂപ്പർ സ്റ്റാർ കൂട്ടങ്ങളെ ഒക്കെ ആണ് ഇന്ത്യക്കാർക്ക് പരിചയം. അവിടെ ആണ് 22 കാരി ഒസാക്ക ലോകത്തിനു മാതൃക ആവുന്നത്, 22 വയസ്സിനു അപ്പുറം ആണ് ഒസാക്കയുടെ പക്വത. അലി മുതൽ ലെബ്രോൺ വരെ പറയാനുള്ളത് എന്ത് താഗ്യം സഹിച്ചും, ആരാധകരുടെ പ്രതിഷേധം ഒക്കെ വിഷയം ആവാതെ ഉറക്കെ വിളിച്ചു പറയുന്ന ഒരുപാട് താരങ്ങളെ ലോകം കണ്ടിട്ടുണ്ട്.

വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുക്കില്ല എന്നു പറഞ്ഞ, തന്റെ ജനതയെ അടിച്ചമർത്തുന്നവർക്ക് ഒപ്പം മറ്റൊരു ജനതയെ ആക്രമിക്കാൻ താൻ ഇറങ്ങില്ലെന്നു പറഞ്ഞു അമേരിക്കൻ സർക്കാരിനെ വെല്ലുവിളിച്ച് ഉറച്ച് നിന്ന മുഹമ്മദ് അലി ഇന്നും കായിക ചരിത്രം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രഖ്യാപനം ആണ് നടത്തിയത്. അങ്ങനെ എന്നും സാമൂഹിക പ്രശ്നങ്ങളിൽ എന്നും ഇടപെട്ട് നിന്ന സമീപകാലത്തെ വംശീയ അധിക്ഷേപങ്ങൾക്ക് നേരെ, പലവിധ കാര്യങ്ങൾക്ക് നേരെയും ശക്തമായ നിലപാട് എടുത്ത ഒരുപാട് താരങ്ങളെ ലോകം കണ്ടിട്ടുണ്ട്. അതേസമയം കളത്തിലെ മാത്രം പ്രകടനം മാത്രം മതി പുറത്ത് തങ്ങൾക്ക് അത്ര രാഷ്ട്രീയമോ, സാമൂഹിക പ്രശ്നങ്ങളിലോ അടക്കമുള്ള കാര്യങ്ങളിൽ എന്തിന് ഇടപെടണം എന്നു ചോദിക്കുന്ന താരങ്ങളേയും ലോകം കണ്ടിട്ടുണ്ട്. അവരിൽ ചിലർ പിന്നീട് മാറി ചിന്തിക്കുന്നതും ലോകം കണ്ടു. പണ്ട് 2 പതിറ്റാണ്ട് മുമ്പ് ഒരു വലിയ രാഷ്ട്രീയ ശബ്ദം ഉയർത്തേണ്ട സമയത്ത്, റിപ്പബ്ലിക്കൻ ആയ ഒരു വംശീയ വാദിക്ക് എതിരെ പ്രചാരണം നടത്താൻ ആളുകൾ ആവശ്യപ്പെട്ടപ്പോൾ റിപ്പബ്ലിക് പാർട്ടിക്കാരും നൈക്കി ഷൂസുകൾ വാങ്ങുന്നുണ്ട് എന്ന വിവാദപ്രസ്താവന നടത്തി രാഷ്ട്രീയം തന്റെ ഇടമല്ല എന്നു വ്യക്തമാക്കി വിവാദം ക്ഷണിച്ചു വരുത്തിയ അതെ സാക്ഷാൽ മൈക്കിൾ ജോർദാൻ തന്നെയാണ് കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനായി ഈ വർഷം 100 മില്യൺ ഡോളർ മാറ്റി വച്ച് മാതൃക ആവുന്നത്.

അതിനാൽ തന്നെ ഒസാക്ക എന്ന 22 കാരി ടെന്നീസ് കളത്തിൽ ടെന്നീസിലെ ഏറ്റവും വലിയ വേദിയിൽ അടിച്ചമർത്തവന്റെ ശബ്ദം ആവുമ്പോൾ എണീറ്റ് നിന്നു തന്നെ കയ്യടിക്കണം. 7 മത്സരങ്ങളിൽ ഒസാക്ക മാസ്കിൽ എഴുതി ഇട്ട ബ്രെയോണ ടൈലർ, എലിയ മക്ളൈയിൻ, അഹ്മദ് ആർബെറി, ട്രൈവോൻ മാർട്ടിൻ, ജോർജ് ഫ്ലോയിഡ്, ഫിലാണ്ടോ കാസ്റ്റില, താമിർ റൈസ് എന്നീ 7 പേരുകൾക്ക് അപ്പുറം ആയിരങ്ങൾ ദിവസവും വംശീയ അധിക്ഷേപങ്ങൾക്ക് വിധേയരാവുന്നുണ്ട്. തൊലി നിറവും, വിശ്വാസവും, വ്യത്യാസങ്ങളും, അപരനോടുള്ള ഭയവും ഒക്കെ ലോകത്തെ വിഭജിച്ച് നിർത്തുന്നുണ്ട്. അവിടെ നിരന്തരം എല്ലാവരാലും അക്രമിക്കപ്പെടുന്ന ഒരു വലിയ വിഭാഗങ്ങളും ഉണ്ട്. അവർക്ക് വേണ്ടി അവരുടെ ശബ്ദം ആവുക ആണ് ഒസാക്ക, സിസ്റ്റമാറ്റിക് വംശീയതക്ക് എതിരെ കളിക്കാൻ ഇറങ്ങാതെ സമരം ചെയ്യുന്ന കായിക താരങ്ങളെ കാണുന്ന ലോകം ആണ് ഇന്നത്തേത്. വംശീയതക്ക് എതിരെ കായികലോകം മുഴുവൻ മുന്നിൽ വരുന്ന. ഇത്രയും മതി എന്നു ഉറക്കെ പറയുന്ന ഒസാക്ക അടക്കമുള്ള താരങ്ങൾ ലോകത്തിനു പ്രചോദനം ആവുകയാണ്. എന്നും ബഹുമാനം തന്നെയാണ് ഇത്തരം മാതൃകയും ആയി നീതിക്ക് ആയി ശബ്ദം ഉയർത്തുന്ന താരങ്ങളോട് എന്നും. അതിനാൽ തന്നെ കളത്തിനു പുറത്തെ ഹീറോയിസം കളത്തിലും ആവർത്തിച്ച ഒസാക്ക വളരെ വളരെ പ്രിയപ്പെട്ട ഒരാൾ ആവുന്നുണ്ട്. മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടവും രണ്ടാം യു.എസ് ഓപ്പൺ കിരീടവും ഉയർത്തിയ ഒസാക്കക്ക് അഭിനന്ദനങ്ങൾ.