യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ബ്രിട്ടീഷ് താരവും ഒമ്പതാം സീഡുമായ യോഹാന കോന്റ. സീഡ് ചെയ്യാത്ത നാട്ടുകാരിയായ ഹെതർ വാട്സനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് കോന്റ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു എങ്കിൽ രണ്ടാം സെറ്റിൽ കാര്യമായ ഒരു വെല്ലുവിളിയും ഇല്ലാതെയാണ് കോന്റ ജയം കണ്ടത്. 10 സീഡും സ്പാനിഷ് താരവുമായ ഗബ്രിന മുഗുരുസയും അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ആദ്യ സെറ്റിന്റെ തുടക്കത്തിൽ സീഡ് ചെയ്യാത്ത ജപ്പാൻ താരം ഹിബിനോ വലിയ വെല്ലുവിളി ആണ് സ്പാനിഷ് താരത്തിന് മേൽ ഉയർത്തിയത്. എന്നാൽ വഴങ്ങിയ ബ്രൈക്ക് തിരിച്ചു പിടിച്ച മുഗുരുസ മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു. ആദ്യ സെറ്റ് 6-4 നു നേടിയ താരം രണ്ടാം സെറ്റും സമാനമായ സ്കോറിന് സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അനായാസ ജയം തന്നെയാണ് ആദ്യ റൗണ്ടിൽ ബെൽജിയത്തിന്റെ 16 സീഡ് എൽസി മെർട്ടൻസും സ്വന്തമാക്കിയത്. ജർമ്മൻ താരം ലൗറക്ക് എതിരെ ഇരു സെറ്റുകളിലും രണ്ടു വീതം ബ്രൈക്ക് നേടിയ ബെൽജിയം താരം 6-2, 6-2 എന്ന സ്കോറിന് ആണ് മത്സരം സ്വന്തം പേരിലാക്കിയത്.