‘തന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ ദിനമാണ് ഇന്ന്’ – റാഫേൽ നദാൽ

യു.എസ് ഓപ്പൺ ഫൈനലിന്റെ ജയത്തിനു ശേഷം കണ്ണീർ വാർത്ത് വികാരഭരിതനായി റാഫേൽ നദാൽ. മത്സരശേഷം ജയം ആനന്ദകണ്ണീരോടെയാണ് റാഫ പതിവ് പോലെ സ്വീകരിച്ചത്. തന്റെ നേട്ടങ്ങൾ വലിയ സ്‌ക്രീനിൽ തെളിയുന്നത് നോക്കിയിരിക്കുമ്പോഴും ആ കണ്ണിൽ നിന്ന് കണ്ണീർ പൊടിയുന്നുണ്ടായിരുന്നു. ആത്മസമർപ്പണത്തിന്റെ പോരാട്ടവീര്യത്തിന്റെ ആൾരൂപമായ നദാൽക്ക് അത്രമാത്രം പ്രിയപ്പെട്ടത് ആയിരുന്നു ഇന്നത്തെ ജയം. ഏതാണ്ട് 5 മണിക്കൂർ നീണ്ട് നിന്ന മത്സരത്തിൽ ഹൃദയം നൽകിയ നദാൽ എതിരാളിയായ മെദ്വദേവിനെ അഭിനന്ദിക്കാനും മടിച്ചില്ല.

ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനൽ കളിക്കുന്ന മെദ്വദേവിന്റെ അവസാനഫൈനൽ ആവില്ല ഇതെന്ന് പറഞ്ഞ നദാൽ ഭാവിയിൽ ഒരുപാട് കിരീടങ്ങൾ റഷ്യൻ താരം ഉയർത്തും എന്നും കൂട്ടിച്ചേർത്തു. തന്റെയും, തന്റെ കുടുംബത്തിന്റെയും, ടീമിന്റേതും പരിശ്രമത്തിന്റെ ഫലം ആണ് ജയം എന്നു പറഞ്ഞ നദാൽ അതിനായി ഒരുപാട് ത്യാഗങ്ങൾ എല്ലാരും സഹിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ ദിനം ആണ് ഇന്ന് എന്ന് പറഞ്ഞ നദാൽ ആർതർ ആഷേയിലെ കാണികൾക്കും നന്ദി പറഞ്ഞു. അടുത്ത വർഷം വീണ്ടും യു.എസ് ഓപ്പണിൽ മത്സരിക്കാൻ ഇറങ്ങും എന്ന ശുഭാപ്തി വിശ്വാസവും 33 കാരനായ നദാൽ പങ്ക് വച്ചു.