യു.എസ് ഓപ്പൺ അവസാന പതിനാറിലേക്ക് മുന്നേറി ഒന്നാം സീഡ് ഇഗ സ്വിറ്റെക്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ലൗറൻ ഡേവിസിനെ 6-3, 6-4 എന്ന സ്കോറിന് ആണ് ഇഗ തകർത്തത്. ആറു ഏസുകൾ ഉതിർത്ത ഇഗ 3 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അവസാന പതിനാറിൽ സീഡ് ചെയ്യാത്ത ജർമ്മൻ താരം ജൂൾ നെയ്മെയിയർ ആണ് ഇഗയുടെ എതിരാളി. ഫ്രഞ്ച് താരം ആലീസ് കോർണെയെ 6-4, 7-6(11-9) എന്ന സ്കോറിന് മറികടന്നു അമേരിക്കയുടെ 19 സീഡ് ഡാനിയേല കോളിൻസും അവസാന പതിനാറിൽ എത്തി. നാലാം റൗണ്ടിൽ ആറാം സീഡ് ആര്യാന സബലങ്കയാണ് അമേരിക്കൻ താരത്തിന്റെ എതിരാളി.
ഫ്രഞ്ച് താരം ക്ലാര ബുരലിന് എതിരെ എതിരാളിക്ക് മുന്നറിയിപ്പ് നൽകുന്ന പ്രകടനം ആണ് സബലങ്ക പുറത്ത് എടുത്തത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണ ബ്രൈക്ക് നേടിയ സബലങ്ക 6-0, 6-2 എന്ന സ്കോറിന് ഫ്രഞ്ച് താരത്തെ തകർത്തു. അതേസമയം ഒളിമ്പിക് സ്വർണ മെഡൽ ജേതാവും 13 സീഡും ആയ സ്വിസ് താരം ബലിന്ത ബെനചിചിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു 22 സീഡ് ചെക് താരം കരോളിന പ്ലിസ്കോവയും നാലാം റൗണ്ടിൽ എത്തി. 5-7, 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു ചെക് താരത്തിന്റെ ജയം. മത്സരത്തിൽ എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത കരോളിന 14 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. അവസാന പതിനാറിൽ വിക്ടോറിയ അസരങ്കയാണ് കരോളിനയുടെ എതിരാളി.