യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. 28 സീഡ് ജർമ്മൻ താരം ലേനാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നൊവാക് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം ആണ് സെർബിയൻ താരം പുലർത്തിയത്. സർവീസിൽ 5 ഇരട്ടപ്പിഴവുകൾ വരുത്തി എങ്കിലും ഒരു തവണ പോലും നൊവാക് സർവീസ് കൈവിട്ടില്ല. 5 തവണ എതിരാളിയുടെ സർവീസ് ഭേദിച്ച താരം 6-3, 6-3, 6-1 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. തുടരെ ഇത്തരം മത്സരങ്ങളിലൂടെ കിരീടം മറ്റാരും കൊതിക്കണ്ട എന്ന വ്യക്തമായ മുന്നറിയിപ്പ് ആണ് നൊവാക് നൽകുന്നത്.
അതേസമയം ഏഴാം സീഡ് ബെൽജിയം താരം ഡേവിഡ് ഗോഫിനും നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി. 26 സീഡ് ക്രൊയേഷ്യയുടെ ഫിലിപ്പിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗോഫിനും ജയം കണ്ടത്. 4 തവണ ബ്രൈക്ക് വഴങ്ങിയ താരം 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റിൽ ഒഴിച്ചാൽ വലിയ പ്രശ്നം ഒന്നും മത്സരത്തിൽ താരം നേരിട്ടില്ല. സ്‌കോർ : 6-1, 7-6, 6-4. ഇരുപതാം സീഡ് ആയ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയും നാലാം റൗണ്ടിലേക്ക് മുന്നേറി. എന്നാൽ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കോരന്റീനോട് 4 സെറ്റ് മത്സരത്തിൽ തോൽവി വഴങ്ങിയ ഇരുപത്തി മൂന്നാം സീഡും ബ്രിട്ടീഷ് താരവും ആയ ഡാൻ ഇവാൻസ് ടൂർണമെന്റിൽ നിന്നു പുറത്തായി.