യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി റഷ്യൻ താരവും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും മൂന്നാം സീഡുമായ ഡാനിൽ മെദ്വദേവ്. സീഡ് ചെയ്യാത്ത അർജന്റീനൻ താരം ഫെഡറികോക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരം മറികടന്നത്. എതിരാളിയുടെ സർവീസ് 5 തവണ ബ്രൈക്ക് ചെയ്ത മെദ്വദേവ് മത്സരത്തിൽ സമ്പൂർണ ആധിപത്യം തന്നെ പുലർത്തി. ആദ്യ സെറ്റ് 6-1 നു നേടിയ താരം 6-2 നു രണ്ടാം സെറ്റും കയ്യിലാക്കി. അവസാന സെറ്റിൽ എതിരാളി പൊരുതി നോക്കിയെങ്കിലും 6-4 നു സെറ്റ് നേടിയ റഷ്യൻ താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ശേഷം വലിയ വെല്ലുവിളികൾ ഇല്ലാതെ ആണ് ആറാം സീഡും ഇറ്റാലിയൻ താരവും ആയ മറ്റിയോ ബെരേറ്റിനി ജയം കണ്ടത്. ജപ്പാനീസ് താരം ഗോ സൊയെദ ആയിരുന്നു ഇറ്റാലിയൻ താരത്തിന്റെ എതിരാളി. രണ്ടും മൂന്നും സെറ്റുകളിൽ എതിരാളിയുടെ സർവീസ് പേടിക്കാൻ ആയ ഇറ്റാലിയൻ താരം 6-1 നു രണ്ടാം സെറ്റും 6-4 നു മൂന്നാം സെറ്റും നേടി മത്സരം സ്വന്തം പേരിലാക്കി. അതേസമയം അമേരിക്കൻ താരം സാന്റഗ്രനെ 6-4, 6-4, 7-6 എന്ന സ്കോറിന് മറികടന്ന് എട്ടാം സീഡ് ബാറ്റിസ്റ്റോ അഗ്യുറ്റും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അർജന്റീന താരം ലിയാൻഡ്രോ മേയറെ 6-3, 6-2, 6-3 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്നു 25 സീഡ് കനേഡിയൻ താരം മിലോസ് റയോണിക്കും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.