യു.എസ് ഓപ്പൺ വനിത വിഭാഗം കിരീടം അമേരിക്കയുടെ 19 കാരി ആറാം സീഡ് കൊക്കോ ഗോഫ് ഉയർത്തി. പുതിയ ലോക ഒന്നാം നമ്പറും രണ്ടാം സീഡും ആയ ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് കൊക്കോ തന്റെ കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം എന്ന സ്വപ്നം സ്വന്തം മണ്ണിൽ യാഥാർത്ഥ്യം ആക്കിയത്. 1999 ൽ കിരീടം നേടിയ സാക്ഷാൽ സെറീന വില്യംസിന് ശേഷം യു.എസ് ഓപ്പൺ കിരീടം ഉയർത്തുന്ന ആദ്യ ടീനേജറും ആയി കൊക്കോ ഇതോടെ.
കിരീട നേട്ടത്തോടെ ലോക മൂന്നാം റാങ്കിലേക്കും കൊക്കോ ഉയരും. മത്സരത്തിൽ ആദ്യ സെറ്റിൽ തനിക്ക് പൂർണമായും എതിരായ കാണികളെ ചൊടിപ്പിച്ചു സബലങ്കയുടെ ആധിപത്യം ആണ് കാണാൻ ആയത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ സബലങ്ക സെറ്റ് 6-2 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റിൽ കൊക്കോ തിരിച്ചടിച്ചു. ബ്രേക്ക് കണ്ടത്തിയ അമേരിക്കൻ താരം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം സെറ്റിലെ ഫോമിൽ ആയിരുന്ന കൊക്കോ മൂന്നാം സെറ്റിൽ ഇരട്ട ബ്രേക്ക് നേടി 3-0 നു മുന്നിൽ എത്തി.
എന്നാൽ ഇടക്ക് വൈദ്യസഹായം തേടിയ സബലങ്ക ഒരു ഇരട്ട ബ്രേക്ക് തിരിച്ചു പിടിക്കുന്നത് ആണ് കാണാൻ ആയത്. എന്നാൽ തൊട്ടടുത്ത സർവീസിൽ വീണ്ടും ഇരട്ട ബ്രേക്ക് കണ്ടത്തിയ കൊക്കോ തുടർന്നുള്ള തന്റെ സർവീസ് നിലനിർത്തി 2 മണിക്കൂർ പോരാട്ടത്തിന് ശേഷം യു.എസ് ഓപ്പൺ കിരീടം സ്വന്തം പേരിൽ കുറിച്ചു. തനിക്കായി ആർത്തു വിളിച്ച ആരാധകരെയും സെലിബ്രിറ്റി കാണികളെയും നിരാശപ്പെടുത്താതെ കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കിയ കൊക്കോ ആനന്ദ കണ്ണീർ വാർക്കുന്നതും തുടർന്നു കാണാൻ ആയി.