യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു ജയം കണ്ട് മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ക്രൊയേഷ്യൻ താരവും ആയ മാരിൻ സിലിച്ച്. 31 സീഡ് ആയ സിലിച്ച് അമേരിക്കൻ താരമായ ഡെന്നിസ് കുദ്ലക്ക് എതിരെ പരാജയം വഴങ്ങുമെന്ന നിലയിൽ നിന്നാണ് സിലിച്ച് ജയം കണ്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ട സിലിച്ച് രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ അതിനുശേഷം അതിശക്തമായി മത്സരത്തിൽ തിരിച്ചു വരുന്ന സിലിച്ചിനെ ആണ് കണ്ടത്. മൂന്നാം സെറ്റ് 7-5 നു നേടിയ സിലിച്ച് സമാനമായ സ്കോറിന് നാലാം സെറ്റും നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അവസാന സെറ്റ് 6-3 നു നേടിയ സിലിച്ച് മത്സരത്തിലെ തിരിച്ചു വരവ് പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 26 ഏസുകൾ ആണ് ഉതിർത്തത്. അതേസമയം റഷ്യൻ താരങ്ങൾ ആയ ആന്ദ്ര റൂബ്ലേവ്, കാരൻ കാചനോവ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 10 സീഡ് ആയ റൂബ്ലേവ് ഫ്രഞ്ച് താരമായ ജെറമി ചാർഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്. ഫ്രഞ്ച് താരത്തിന്റെ വലിയ സർവീസുകൾ മറികടന്ന് 5 തവണ ബ്രൈക്ക് കണ്ടത്തിയ റൂബ്ലേവ് 6-4, 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്.
അതേസമയം സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം യാനിക്ക് സിന്നറിന് എതിരെ ആദ്യ രണ്ട് സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നാണ് 11 സീഡ് കാചനോവ് മത്സരം ജയിച്ചത്. സ്‌കോർ – 3-6, 6-7, 6-2,6-0,7-6. അതേസമയം കനേഡിയൻ യുവ താരവും 15 സീഡുമായ ഫെലിക്‌സ് 3 ടൈബ്രേക്കറുകൾ കണ്ട 4 സെറ്റ് പോരാട്ടത്തിൽ ബ്രസീലിയൻ താരം തിയോഗയെ മറികടന്നു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ – 6-3, 6-7, 7-6, 7-6. എന്നാൽ 14 സീഡ് ഗ്രിഗോർ ദിമിത്രോവ് അമേരിക്കൻ താരം ടോമി പോളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത ദിമിത്രോവ് 6-4, 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്.