ആദ്യ സെറ്റ് നഷ്ടമായ ശേഷം ജയം കണ്ടു സെമിഫൈനലിലേക്ക് മുന്നേറി അലക്‌സാണ്ടർ സെരവ്

Wasim Akram

യു.എസ് ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ജർമ്മൻ താരവും അഞ്ചാം സീഡുമായ അലക്‌സാണ്ടർ സെരവ്. നാലാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച് എത്തിയ ഇരുപത്തി ഏഴാം സീഡ് ക്രൊയേഷ്യൻ താരം ബോർണ ചോരിച്ചിനെതിരെ ആദ്യ സെറ്റിൽ തകർന്ന് അടിഞ്ഞ ശേഷം തിരിച്ചു വന്നാണ് സാഷ മത്സരത്തിൽ ജയം കണ്ടത്. ക്വാർട്ടർ ഫൈനലിൽ മികച്ച തുടക്കം ലഭിച്ച ക്രൊയേഷ്യൻ താരം ഒന്നിന് പിറകെ ഒന്നായി സെരവിനെ ബ്രൈക്ക് ചെയ്യുകയും സെറ്റ് 6-1 നു സ്വന്തമാക്കുകയും ചെയ്തു. ഈ മികവ് രണ്ടാം സെറ്റിലും തുടർന്ന ചോരിച്ച് രണ്ടാം സെറ്റിൽ 4-2 നു മുന്നിലെത്തി.

എന്നാൽ അപകടം മണത്ത സെരവ് ഇവിടെ നിന്നു തിരിച്ചു വരുന്നതാണ് മത്സരത്തിൽ തുടർന്നു കണ്ടത്. ചോരിച്ചിനെ തിരിച്ചു ബ്രൈക്ക് ചെയ്ത സാഷ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ഇത്തവണ ടൈബ്രേക്കറിലൂടെ സെറ്റ് സ്വന്തം പേരിൽ കുറിച്ച സെരവ് മത്സരത്തിൽ അതിശക്തമായി തിരിച്ചു വന്നു. രണ്ടാം സെറ്റിന്റെ ഏതാണ്ട് ആവർത്തനം കണ്ട മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ രണ്ടാം സെറ്റിൽ നിന്നു വ്യത്യസ്തമായി ഇത്തവണ കൂടുതൽ ആധിപത്യത്തോടെ ആണ് സെരവ് ടൈബ്രേക്കറിൽ ജയം കണ്ടത്.

മത്സരത്തിൽ മുൻതൂക്കം നേടിയ സെരവ് നാലാം സെറ്റിൽ നിർണായക സമയത്ത് ക്രൊയേഷ്യൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു മത്സരത്തിൽ ജയത്തിന് അരികിൽ എത്തി. 2 തവണ മാച്ച് പോയിന്റുകൾ രക്ഷിച്ച ക്രൊയേഷ്യൻ തന്റെ കഴിവിന്റെ പരമാവധി പൊരുതി നോക്കിയെങ്കിലും സെരവ് 6-3 നു സെറ്റ് കയ്യിലാക്കി സെമിഫൈനലിലേക്ക് മുന്നേറി. പതിവ് പോലെ സർവീസ് ഇരട്ടപ്പിഴവുകൾ സെരവിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നാൽ 12 സർവീസ് ഇരട്ടപിഴവുകൾ വരുത്തിയ സെരവ് മത്സരത്തിൽ 18 ഏസുകൾ ആണ് ഉതിർത്തത്. ബ്രൈക്ക് പോയിന്റുകൾ അധികം നേടി എങ്കിലും രണ്ടു ടൈബ്രേക്കറുകളും തോറ്റത് ആണ് ക്രൊയേഷ്യൻ താരത്തിന് വില്ലനായത്. കരിയറിലെ 42 മത്തെ ഗ്രാന്റ് സ്‌ലാം മത്സരത്തിൽ ജയം കണ്ട സെരവ് സെമിയിൽ പാബ്ലോ ബുസ്റ്റ, ഡെന്നിസ് ഷപോവലോവ് മത്സരവിജയിയെ ആവും നേരിടുക.