ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യയെ മറികടന്നു ഫ്രാൻസ്

യുഫേഫ നേഷൻസ്‌ ലീഗിൽ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ ആവർത്തനം ആയ മത്സരത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മറികടന്നു ഫ്രാൻസ്. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ ആണ് പുറത്ത് എടുത്തത്. പതിനാറാം മിനിറ്റിൽ ലോവറിനിലൂടെ ക്രൊയേഷ്യ ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി തീരുന്നതിനു തൊട്ട് മുമ്പ് മാർഷലിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഗ്രീൻസ്മാൻ ഫ്രാൻസിനെ 43 മത്തെ മിനിറ്റിൽ മത്സരത്തിൽ ഒപ്പമെത്തിച്ചു.

തുടർന്ന് 2 മിനിറ്റിനുള്ളിൽ മാർഷലിന്റെ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ട് ഗോളിയെ തട്ടി ഗോൾ വര കടന്നപ്പോൾ ഫ്രാൻസ് മത്സരത്തിൽ മുന്നിലെത്തി. ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവകോവിച്ചിന്റെ വകയുള്ള സെൽഫ്‌ ഗോൾ ആയി ഇത്. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ബ്രകാളയിലൂടെ ക്രൊയേഷ്യ മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ ഗ്രീൻസ്മാന്റെ കോർണറിൽ നിന്നു ഒരു മികച്ച ഹെഡറിലൂടെ കരിയറിൽ രാജ്യത്തിനു ആയി തന്റെ ആദ്യ ഗോൾ കണ്ടത്തിയ ഉപമെകാനോ ഫ്രാൻസിനെ 10 മിനിറ്റിനുള്ളിൽ വീണ്ടും മത്സരത്തിൽ മുന്നിൽ എത്തിച്ചു.

77 മത്തെ മിനിറ്റിൽ വിവാദപരമായ ഒരു തീരുമാനത്തിൽ റഫറി അനുവദിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഒലിവർ ജിറോഡ് ആണ് ഫ്രാൻസിന്റെ ഗോളടി പൂർത്തിയാക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ പെനാൽട്ടി പാഴാക്കിയ ഗ്രീൻസ്മാനു പകരം പെനാൽട്ടി എടുത്ത ജിറോഡ് മികച്ച പെനാൽട്ടി ആണ് എടുത്തത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ചു എങ്കിലും ഗോൾ വ്യത്യാസം കാരണം പോർച്ചുഗലിന് പിറകിൽ രണ്ടാമത് ആണ് ഫ്രാൻസ് ഇപ്പോൾ.

Previous articleയു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരം ജെന്നിഫർ ബ്രാഡി
Next articleആദ്യ സെറ്റ് നഷ്ടമായ ശേഷം ജയം കണ്ടു സെമിഫൈനലിലേക്ക് മുന്നേറി അലക്‌സാണ്ടർ സെരവ്