അട്ടിമറികൾ, അട്ടിമറികൾ! ക്വിറ്റോവ, മാർട്ടിച്, കെർബർ യു.എസ് ഓപ്പൺ ക്വാർട്ടർ കാണാതെ പുറത്ത്.

യു.എസ് ഓപ്പണിൽ വനിതാ വിഭാഗത്തിൽ പതിവ് പോലെ അപ്രതീക്ഷിത റിസൾട്ടുകൾ തുടർക്കഥ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സ് ആണ് ആറാം സീഡ് ചെക് താരം പെട്ര ക്വിറ്റോവയെ നാലാം റൗണ്ടിൽ അട്ടിമറിച്ചത്. 3 സെറ്റിൽ 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ മികച്ച പോരാട്ടം ആണ് ഇരുതാരങ്ങളും പുറത്ത് എടുത്തത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം 6-3 നു രണ്ടാം സെറ്റ് നേടി ക്വിറ്റോവ മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റിൽ മറ്റൊരു ടൈബ്രേക്കർ ജയിച്ച് മത്സരം സ്വന്തമാക്കിയ അമേരിക്കൻ താരം അവസാന എട്ടിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

അതേസമയം എട്ടാം സീഡ് ക്രൊയേഷ്യൻ താരം പെട്ര മാർട്ടിച്ചും യു.എസ് ഓപ്പണിൽ നിന്നു പുറത്തായി. ഇരുപത്തി മൂന്നാം സീഡ് യൂലിയ പുറ്റിനെറ്റ്സെവയാണ് ക്രൊയേഷ്യൻ താരത്തെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നത്. ആദ്യ സെറ്റ് 6-3 നു നേടിയ യൂലിയ രണ്ടാം സെറ്റ് 6-2 നു കൈവിട്ടു എങ്കിലും മൂന്നാം സെറ്റിൽ മത്സരം തിരിച്ചു പിടിച്ചു. മൂന്നാം സെറ്റിൽ ആദ്യം ആധിപത്യം നേടിയ എതിരാളിക്ക് എതിരെ തിരിച്ചു വരാനുള്ള എല്ലാ ശ്രമവും നടത്തിയ മാർട്ടിച് പക്ഷെ അവസാനം 6-4 നു സെറ്റും മത്സരവും കൈവിടുക ആയിരുന്നു. അതേസമയം മുൻ ജേതാവ് ആയ ജർമ്മൻ താരം ആഞ്ചലിക്ക കെർബറെ ഇരുപത്തി എട്ടാം സീഡ് ജെന്നിഫർ ബ്രാഡി നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. 6-1, 6-4 എന്ന സ്കോറിന് ആണ് ബ്രാഡി പതിനേഴാം സീഡ് ആയ കെർബർക്ക് മേൽ ജയം കണ്ടത്.