ട്രോഫികൾ നഷ്ടപ്പെടുത്തേണ്ടി വന്നാലും നിർബന്ധിത വാക്സിനേഷനു വിധേയമാവില്ല എന്നു വ്യക്തമാക്കി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സമയത്ത് വാക്സിനേഷൻ വിഷയത്തിൽ ഓസ്‌ട്രേലിയയിൽ നിന്നു താരത്തെ നാട് കടത്തിയിരുന്നു. ഫ്രഞ്ച് ഓപ്പൺ അടക്കമുള്ള ടൂർണമെന്റുകളിൽ വാക്സിനേഷൻ നിർബന്ധിതമാക്കിയാൽ താൻ ടൂർണമെന്റ് ബഹിഷ്കരിക്കും എന്നു തന്റെ നിലപാടിൽ എന്ത് വില കൊടുത്തും ഉറച്ചു നിൽക്കും എന്നും താരം പറഞ്ഞു. ഓസ്‌ട്രേലിയയിലെ കരുതൽ തടങ്കൽ തനിക്ക് വലിയ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത് എന്നും സെർബിയൻ താരം തുറന്നു പറഞ്ഞു. താൻ ഒരിക്കലും വാക്സിനേഷനു എതിരല്ല എന്നു പറഞ്ഞ താരം താൻ ചെറുപ്പത്തിൽ വാക്സിനേഷനു വിധേയമായത് ആണെന്നും പറഞ്ഞു. എന്നാൽ എന്ത് തങ്ങളുടെ ശരീരത്തിൽ സ്വീകരിക്കണം എന്ന ആളുകളുടെ സ്വാതന്ത്ര്യമാണ് തന്റെ വിഷയം എന്നു ജ്യോക്കോവിച്ച് പറഞ്ഞു.
തന്റെ ശരീരം ആണ് തനിക്ക് വിലപ്പെട്ടത് എന്നു പറഞ്ഞ താരം തന്റെ ശരീരത്തിനെ സംരക്ഷിക്കുക ആണ് താൻ ചെയ്യുന്നത് എന്നും പറഞ്ഞു. തന്റെ രീതികൾ കാരണം ആണ് തന്റെ ശരീരം ഇത്രയും കാലം കായികക്ഷമത സൂക്ഷിച്ചത് എന്നും അതിൽ താൻ മാറ്റം വരുത്തില്ല എന്നും ജ്യോക്കോവിച്ച് പറഞ്ഞു. കോവിഡിനു അവസാനം കാണേണ്ടത് ആവശ്യമാണ് എന്നു പറഞ്ഞ താരം താൻ ഭാവിയിൽ വാക്സിനേഷൻ എടുത്തേക്കും എന്ന സാധ്യത പൂർണ്ണമായും തള്ളി കളഞ്ഞില്ല. അതേസമയം ഭാവിയിൽ ടൂർണമെന്റുകളിൽ വാക്സിനേഷൻ നിർബന്ധിതമാവില്ല എന്ന പ്രതീക്ഷ പങ്ക് വച്ച താരം ഇനിയും വർഷങ്ങൾ തനിക്ക് കളിക്കാൻ ആവും എന്ന പ്രതീക്ഷയും പങ്ക് വച്ചു. വാക്സിനേഷനു വിധേയമാവില്ല എന്ന ഈ കടും പിടുത്തം ജ്യോക്കോവിച്ച് സൂക്ഷിച്ചാൽ ചിലപ്പോൾ വരുന്ന ഗ്രാന്റ് സ്‌ലാമുകൾ താരത്തിന് നഷ്ടമാവും. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.