മറ്റ് ഗ്രാന്റ് സ്‌ലാമുകൾക്ക് പിറകെ മേൽക്കൂരയും ആയി ഫ്രഞ്ച് ഓപ്പണും. ഈ വർഷം മുതൽ മഴ തടസ്സം സൃഷ്ടിച്ചാൽ ഫ്രഞ്ച് ഓപ്പണിൽ പ്രധാന മത്സരങ്ങൾ മുടങ്ങില്ല. പ്രധാന മൈതാനം ആയ ഫിലിപ്പ് കാർട്ടിയർ മൈതാനത്ത് ഇനിമുതൽ മേൽക്കൂരക്ക് കീഴിലും കളിക്കാൻ ആവും. റോളണ്ട് ഗാരോസിൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പ് മേൽക്കൂര ഏതാണ്ട് സജ്ജമാക്കിയിരിക്കുകയാണ് ഫ്രഞ്ച് ടെന്നീസ് അസോസിയേഷൻ. കഴിഞ്ഞ പല വർഷങ്ങളിലും പലപ്പോഴും മഴ ഫ്രഞ്ച് ഓപ്പണിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇതോടെ വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, യു.എസ് ഓപ്പൺ എന്നിവക്ക് പുറമെ ഫ്രഞ്ച് ഓപ്പണിലും മേൽക്കൂര ആയി. വിംബിൾഡണിൽ നിലവിൽ സെന്റർ കോർട്ടിൽ അടക്കം രണ്ട് മേൽക്കൂര ഉള്ള മൈതാനങ്ങൾ ഉണ്ട്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ആവട്ടെ റോഡ് ലേവർ അറീന, മാർഗരറ്റ് കോർട്ട് അറീന എന്നിവയിൽ അടക്കം മൂന്ന് മൈതാനങ്ങളിൽ മേൽക്കൂര സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. യു.എസ് ഓപ്പണിൽ ആർതർ ആഷെ മൈതാനം അടക്കം രണ്ട് മൈതാനങ്ങളിൽ മേൽക്കൂര ഉണ്ട്. പലപ്പോഴും മേൽക്കൂരയുടെ കീഴിൽ കളിക്കേണ്ടി വരുന്നത് പല താരങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.