ഒളിമ്പിക്സ് മത്സരത്തിനു ഇടയിൽ മോശം പെരുമാറ്റം കൊണ്ടു വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയ ജ്യോക്കോവിച്ചിനെ വിമർശിച്ചു റാഫേൽ നദാലും രംഗത്ത് വന്നു. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്ക് എതിരായ വെങ്കല മെഡലിനായുള്ള പോരാട്ടത്തിനു ഇടയിൽ മത്സരത്തിൽ പിന്നിൽ പോയപ്പോൾ ആണ് ജ്യോക്കോവിച്ച് നിരാശപ്രകടിപ്പിച്ചത്. ഒരിക്കൽ റാക്കറ്റ് ദേഷ്യത്തിൽ ഗാലറിയിലേക്ക് വലിച്ചു എറിഞ്ഞ ജ്യോക്കോവിച്ച് മറ്റൊരു റാക്കറ്റ് നിലത്ത് അടിച്ചു തകർക്കുകയും ചെയ്തു. മത്സരത്തിൽ പിന്നീട് ലോക ഒന്നാം നമ്പർ താരം തോൽക്കുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആണ് നദാൽ മറുപടി പറഞ്ഞത്. കളത്തിലേക്ക് വാഷിംഗ്ടൻ ഓപ്പണിലൂടെ തിരിച്ചു വരാൻ ഒരുങ്ങുന്ന നദാൽ അവിടെ വച്ചാണ് മാധ്യമങ്ങളെ കണ്ടത്.
കഠിനമായ മത്സരത്തിനു ഇടയിൽ വികാരങ്ങളുടെ പുറത്ത് ഇത്തരം കാര്യങ്ങൾ സംഭവിക്കുക സാധാരണം ആണെന്ന് സമ്മതിച്ച നദാൽ പക്ഷെ ഗാലറിയിലേക്ക് റാക്കറ്റ് എറിഞ്ഞ ജ്യോക്കോവിച്ചിന്റെ പ്രവർത്തിയെ വിമർശിച്ചു. അവിടെ ആളുകൾ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല എന്നു സമാധാനിച്ച നദാൽ ഒപ്പം അത്തരം പ്രവർത്തികൾ യുവ തലമുറകൾക്ക് നല്ല സന്ദേശം അല്ല നൽകുന്നത് എന്നും കൂട്ടിച്ചേർത്തു. ലോക ഒന്നാം നമ്പർ ആയ ജ്യോക്കോവിച്ച് ഇത്തരം പ്രവർത്തികൾ ഒഴിവാക്കേണ്ടത് ആയിരുന്നു എന്ന് പറഞ്ഞ നദാൽ താരത്തിന് കൂടുതൽ ഉത്തരവാദിത്വം വേണ്ടത് ആയിരുന്നു എന്നും കൂട്ടിച്ചേർത്തു. സമൂഹത്തിനു മാതൃക ആണ് കായിക താരങ്ങൾ എന്നും നദാൽ ഓർമ്മിപ്പിച്ചു. അതേസമയം ജ്യോക്കോവിച്ചിനു കലണ്ടർ സ്‌ലാം നേടാൻ ഇനിയും സാധിക്കും എന്നും നദാൽ പറഞ്ഞു. ഒളിമ്പിക്സിൽ നിന്നു റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുടെ അഭാവത്തിലും ഗോൾഡൻ സ്‌ലാം എന്ന ചരിത്ര നേട്ടം കൈവിട്ടത് ജ്യോക്കോവിച്ചിനെ മുമ്പ് എങ്ങും ഇല്ലാത്ത വിധം ആണ് പ്രകോപിപ്പിച്ചത്.