അർജന്റീനൻ താരവും എട്ടാം സീഡുമായ ഡീഗോ ഷ്വാർട്ട്സ്മാനെ തകർത്തു റോമിൽ കരിയറിലെ 36 മത്തെ 1000 മാസ്റ്റേഴ്സ് കിരീടം ഉയർത്തി ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നൊവാക് ജ്യോക്കോവിച്ച്. ഇതോടെ നദാലിനെ മറികടന്ന് ഏറ്റവും കൂടുതൽ മാസ്റ്റേഴ്സ് കിരീടങ്ങൾ നേടിയ റെക്കോർഡ് ജ്യോക്കോവിച്ച് സ്വന്തമാക്കി. 1000 മാസ്റ്റേഴ്സിൽ 52 മത്തെ ഫൈനൽ കൂടിയായിരുന്നു ജ്യോക്കോവിച്ചിനു ഇത്. റോം ഓപ്പണിൽ ജ്യോക്കോവിച്ചിന്റെ അഞ്ചാം കിരീടം കൂടിയായിരുന്നു ഇത്. 2020 തിലെ 3 മാസ്റ്റേഴ്സിലും ജ്യോക്കോവിച്ച് ആണ് കിരീടം ഉയർത്തിയത്. 2020 തിൽ കളിച്ച 31 മത്സരങ്ങളിൽ 30 തിലും സെർബിയൻ താരം ജയവും കണ്ടു.
നദാലിനെ അട്ടിമറിച്ച് എത്തിയ ഷ്വാർട്ട്സ്മാനെതിരെ ആദ്യ സർവീസിൽ തന്നെ ജ്യോക്കോവിച്ച് ബ്രൈക്ക് വഴങ്ങുന്നത് ആണ് റോമിലെ ഫൈനലിൽ കണ്ടത്. എന്നാൽ പിന്നീട് തിരിച്ചു വന്ന ജ്യോക്കോവിച്ച് സെറ്റ് 7-5 നു നേടി മത്സരത്തിൽ ആധിപത്യം നേടി. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ അർജന്റീനൻ താരത്തെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് 6-3 നു രണ്ടാം സെറ്റും സ്വന്തമാക്കി കിരീടം സ്വന്തം പേരിൽ കുറിച്ചു. ജ്യോക്കോവിച്ചിനെ ബുദ്ധിമുട്ടിക്കാൻ ആയെങ്കിലും മത്സരത്തിൽ ലോക ഒന്നാം നമ്പറിനെ വീഴ്‌ത്താൻ പറ്റുന്ന പ്രകടനം ഷ്വാർട്ട്സ്മാനിൽ നിന്നുണ്ടായില്ല. കളിമണ്ണ് കോർട്ടിലെ ഈ മികവ് ഫ്രഞ്ച് ഓപ്പണിലും തുടരാൻ ആവും ലോക ഒന്നാം നമ്പർ താരം ശ്രമിക്കുക.