എ. ടി. പി ടൂറിൽ റോം 1000 മാസ്റ്റേഴ്സ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി ഒന്നാം സീഡ് ആയ നൊവാക് ജ്യോക്കോവിച്ച്. നാട്ടുകാരൻ ആയ ഫിലിപ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സെർബിയൻ താരം മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-3 നു നേടി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. നാട്ടുകാരൻ ആയ സ്റ്റെഫാനോ ട്രവാഗ്ലിയയെ രണ്ടു ടൈബ്രേക്കറിലൂടെ കീഴടക്കി ആണ് നാലാം സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ഇരു താരങ്ങളും 2 തവണ ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ ടൈബ്രേക്കറിലെ മികവ് ആണ് ബരേറ്റിനിക്ക് തുണയായത്.
അർജന്റീനൻ താരം എട്ടാം സീഡ് ഡീഗോ ഷ്വാർട്ട്സ്മാൻ ഹുർബർട്ട് ഹുർകാസിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം 6-2, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി ആയിരുന്നു അർജന്റീനൻ താരം അവസാന എട്ടിലേക്ക് മുന്നേറിയത്. മൂന്നു സെറ്റ് പോരാട്ടം ജയിച്ച് തന്നെയായിരുന്നു പന്ത്രണ്ടാം സീഡ് ആയ കനേഡിയൻ താരം ഡെന്നിസ് ഷപോവലോവും ക്വാർട്ടറിൽ എത്തിയത്. ഫ്രഞ്ച് താരം ഉഗോ ഹമ്പർട്ടിനോട് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു ഷപോവലോവിന്റെ തിരിച്ചു വരവ്. 6-1, 6-4 എന്ന സ്കോറിന് ആണ് കനേഡിയൻ താരം രണ്ടും മൂന്നും സെറ്റുകൾ നേടിയത്.
ഇറ്റാലിയൻ താരം യാനിക്ക് സിന്നറോട് ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം ആയിരുന്നു പതിനഞ്ചാം സീഡ് ആയ ഗ്രിഗോർ ദിമിത്രോവിന്റെ ജയം. 6-4, 6-4 എന്ന സ്കോറിന് ദിമിത്രോവ് രണ്ടും മൂന്നും സെറ്റുകൾ കയ്യിലാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അതേസമയം കാസ്പർ റൂഡിനോട് 6-2, 7-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് മാരിൻ സിലിച്ച് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത് ആയി. അഞ്ചാം സീഡ് ഗെയിൽ മോൻഫിൽസിനെ അട്ടിമറിച്ച് അവസാന പതിനാറിൽ എത്തിയ ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റിക്ക് മേൽ ജർമ്മൻ താരം ഡൊമിനിക് കോപ്ഫർ ജയം കണ്ടു. 6-4, 6-0 എന്ന നിലക്ക് ആധികാരികമായി ജയിച്ച് ആയിരുന്നു ജർമ്മൻ താരം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.