എ. ടി. പി 1000 പാരീസ് മാസ്റ്റേഴ്സിൽ സെമിഫൈനലിൽ കടന്നു റാഫേൽ നദാൽ. പാരീസിൽ ഇത് വരെ കിരീടം നേടാത്ത നദാൽ തന്റെ ആദ്യ കിരീടം ആണ് പാരീസിൽ ലക്ഷ്യമിടുന്നത്. മുൻ ജേതാവ് ഫ്രഞ്ച് താരം ജോ വിൽഫ്രെയിഡ് സോങയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 നു നേടിയ നദാൽ രണ്ടാം സെറ്റിൽ സോങക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ നദാൽ 6-1 നാണ് രണ്ടാം സെറ്റ് നേടിയത്. ലോക ഒന്നാം നമ്പർ ലക്ഷ്യമിടുന്ന നദാലിന് എ. ടി. പി ഫൈനൽസിന് മുമ്പ് കിരീടാനേട്ടം വലിയ മുതൽകൂട്ട് ആവും.
കനേഡിയൻ യുവതാരം 20 കാരൻ ഡെനിസ് ശപോവലോവ് ആണ് സെമിയിൽ നദാലിന്റെ എതിരാളി. എ. ടി. പി ഫൈനലിലേക്ക് യോഗ്യത നേടാൻ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ 13 സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസിനെയാണ് ശപോവലോവ് ക്വാർട്ടറിൽ മറികടന്നത്. മോൻഫിൽസ് തോറ്റതോടെ എ. ടി. പി ഫൈനൽസിലെ എട്ടാമതത്തെയും അവസാനത്തെയും സ്ഥാനം മാറ്റിയോ ബരേറ്റിനി സ്വന്തമാക്കി. മത്സരത്തിൽ ഫ്രഞ്ച് താരത്തിന് മേൽ സമ്പൂർണ ആധിപത്യം നേടിയ ശപോവലോവ് 6-2, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഉജ്ജ്വലമായി കളിക്കുന്ന ശപോവലോവ് സെമിയിൽ നദാലിന് വെല്ലുവിളിയാവുമോ എന്നു കണ്ടറിയണം.