ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ താൻ കളിക്കുന്ന കാര്യം ഇപ്പോൾ ഉറപ്പിക്കാൻ ആവില്ലെന്ന് ലോക രണ്ടാം നമ്പർ താരവും സ്പാനിഷ് ഇതിഹാസവും ആയ റാഫേൽ നദാൽ. ഈ സീസണുകളിൽ കളിക്കളത്തിൽ നിന്ന് അത്രയൊന്നും ഇടവേളകൾ എടുത്തിട്ടില്ല എന്നതിനാൽ തന്നെ നദാൽക്ക് ഒളിമ്പിക്‌സിന്റെ സമയത്ത് ചിലപ്പോൾ ശാരീരികക്ഷമത നിലനിർത്താൻ ആവുമോ എന്നത് ആവും നദാലിനെ അലട്ടുന്ന പ്രശ്നം. റോജർ ഫെഡററും നൊവാക് ജ്യോക്കോവിച്ചും ഇതിനകം തന്നെ ഒളിമ്പിക്‌സിൽ കളിക്കും എന്ന് പ്രഖ്യാപിച്ചതിനാൽ തന്നെ ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ച മത്സരങ്ങൾ ആവും കാണാൻ പോവുക. എന്നാൽ നദാലിന്റെ അഭാവം ആരാധകരെ നിരാശയിൽ ആക്കിയേക്കും.
2008 ലണ്ടൻ ഒളിമ്പിക്‌സ് സിംഗിൾസ് സ്വർണമെഡൽ നേടിയ നദാൽ 2016 ൽ റിയോ ഒളിമ്പിക്‌സിൽ ഡബിൾസ് സ്വർണവും സ്‌പെയിനിനായി നേടിയിരുന്നു. കൂടാതെ കഴിഞ്ഞ വർഷത്തെ ഡേവിസ് കപ്പിൽ സ്‌പെയിനിനെ ജേതാക്കൾ ആക്കുന്നതിലും റാഫേൽ നദാൽ വലിയ പങ്ക് ആണ് വഹിച്ചത്. ഒളിമ്പിക്‌സിനെ താൻ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നു പറഞ്ഞ നദാൽ ഒളിമ്പിക്സിൽ തനിക്ക് കളിക്കാനുള്ള ആഗ്രഹവും മറച്ചു വച്ചില്ല. എന്നാൽ ഇപ്പോൾ തനിക്ക് അത് ഉറപ്പിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയ നദാൽ ഈ സീസണിലെ പ്രകടനങ്ങളും ശാരീരികക്ഷമതയും ആവും താൻ ഒളിമ്പിക്‌സിൽ കളിക്കുന്നത് നിർണ്ണയിക്കുക എന്നും പറഞ്ഞു. നദാൽ ഒളിമ്പിക്‌സിൽ ഇറങ്ങും എന്ന പ്രതീക്ഷയിൽ തന്നെയാണ് സ്പാനിഷ്, നദാൽ ആരാധകർ.