ലോക രണ്ടാം നമ്പർ താരവും 19 തവണ ഗ്രാന്റ് സ്‌ലാം ജേതാവും ആയ റാഫേൽ നദാൽ തന്റെ പുതിയ അക്കാദമിക്ക് കുവൈത്തിൽ തുടക്കം കുറിച്ചു. വർഷങ്ങൾ ആയി പുതിയ താരങ്ങളുടെ വളർച്ച ലക്ഷ്യം വച്ച് നദാൽ തുടങ്ങിയ അക്കാദമിയുടെ നാലാമത്തെ കേന്ദ്രം ആണ് കുവൈത്തിലേത്. 2016 ൽ സ്‌പെയിനിൽ ആദ്യമായി സ്വന്തം നാടായ മാനോക്കോറിൽ അക്കാദമി തുടങ്ങിയ ശേഷം ലോകത്തെ ഏറ്റവും മികച്ച പല പുതുമുഖ താരങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ നദാൽ അക്കാദമിക്ക് ആയിരുന്നു. മികച്ച സൗകര്യങ്ങളും ലോകോത്തര പരിശീലകരെയും അണിനിരത്തിയാണ് നദാൽ തന്റെ അക്കാദമി മുന്നോട്ടു കൊണ്ടു പോകുന്നത്.
കുവൈത്തിൽ 18 മൈതാനങ്ങൾ അടങ്ങിയ വലിയ കോപ്ലക്‌സ് ആണ് നദാൽ അക്കാദമി, ഇതിൽ 8 വീതം ഔട്ട് ഡോർ ഇന്റോർ മൈതാനങ്ങളും, 1,500 പേർക്ക് ഇരിക്കാവുന്ന ഒരു സ്റ്റേഡിയവും ഉണ്ട്. അതിനോടൊപ്പം 5000 പേരെ ഉൾക്കൊള്ളാവുന്ന മൈതാനവും ഒപ്പമുണ്ട്. കൂടാതെ പഞ്ചനക്ഷത്ര ഹോട്ടലുകളും റെസ്റ്റോറന്റുകളും ഈ കോപ്ലക്സിന്റെ ഭാഗം ആണ്. സ്‌പെയിനിന് പിറമെ മെക്സിക്കോയിലും ഗ്രീസിലും നദാൽ തന്റെ അക്കാദമിയുടെ പ്രവർത്തനം മുമ്പ് വ്യാപിച്ചിരിന്നു. ഇന്ന് റാഫേൽ നദാലും മുൻ ലോക മൂന്നാം നമ്പർ ആയിരുന്ന ഡേവിഡ് ഫെററും തമ്മിലുള്ള സൗഹൃദ മത്സരത്തോടെയാണ് അക്കാദമി ഉത്ഘാടനം ചെയ്യപ്പെടുക.